ദുബൈ– ചരിത്രത്തില്‍ ആദ്യമായി യു.എ.ഇയുടെ എണ്ണയിതര വിദേശ വ്യാപാരം ഒരു ട്രില്യണ്‍ യു.എസ് ഡോളര്‍ കവിഞ്ഞു. കഴിഞ്ഞ വര്‍ഷം രാജ്യത്തിന്റെ എണ്ണയിതര വിദേശ വ്യാപാരം 3.8 ട്രില്യണ്‍ ദിര്‍ഹത്തിലെത്തി. യു.എ.ഇയുടെ സാമ്പത്തിക പ്രയാണത്തിലെ മറ്റൊരു പ്രധാന നാഴികക്കല്ലായി ഇത് മാറി. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം ഏറ്റവും പുതിയ വിദേശ വ്യാപാര റിപ്പോര്‍ട്ട് അവലോകനം ചെയ്ത ശേഷം തന്റെ എക്‌സ് അക്കൗണ്ടിലെ പോസ്റ്റില്‍ ഈ നേട്ടം പ്രഖ്യാപിച്ചു.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം എണ്ണയിതര വിദേശ വ്യാപാരത്തില്‍ 26 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇത് യു.എ.ഇയുടെ വൈവിധ്യമാര്‍ന്ന സാമ്പത്തിക മാതൃകയുടെ ത്വരിതഗതിയിലുള്ള ആക്കം തെളിയിക്കുന്നു. എണ്ണയിതര കയറ്റുമതി 813 ബില്യണ്‍ ദിര്‍ഹം കവിഞ്ഞു. കയറ്റുമതിയില്‍ 45 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. 2031 ഓടെ കൈവരിക്കേണ്ട തന്ത്രപരമായ ലക്ഷ്യങ്ങളായിട്ടാണ് ഈ കണക്കുകള്‍ ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും, ദേശീയ സാമ്പത്തിക നയങ്ങളുടെയും ദീര്‍ഘകാല ആസൂത്രണത്തിന്റെയും ഫലപ്രാപ്തിയുടെ ഫലമായി ഈ ലക്ഷ്യങ്ങളില്‍ 95 ശതമാനവും അഞ്ച് വര്‍ഷം മുമ്പേ സാക്ഷാല്‍ക്കരിക്കപ്പെട്ടതായി ശൈഖ് മുഹമ്മദ് എടുത്തുപറഞ്ഞു. യു.എ.ഇയുടെ നിക്ഷേപ അന്തരീക്ഷം പക്വത പ്രാപിച്ചിട്ടുണ്ട്. അന്താരാഷ്ട്ര പങ്കാളിത്തങ്ങള്‍ ഗണ്യമായി വികസിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയുമായുള്ള സഹകരണം കൂടുതല്‍ ശക്തമായി വളര്‍ന്നിട്ടുണ്ട്. വിശ്വസ്ത സാമ്പത്തിക പങ്കാളിയെന്ന നിലയില്‍ യു.എ.ഇയിലുള്ള ആഗോള ആത്മവിശ്വാസം ശക്തമായിട്ടുണ്ട്. ദൈവകൃപയാല്‍ യു.എ.ഇയിലുള്ള ലോകത്തിന്റെ വിശ്വാസം ദൃഢമായി സ്ഥാപിക്കപ്പെട്ടിരിക്കുന്നു.
ഈ ചരിത്ര നേട്ടത്തിന് രാജ്യത്തുടനീളമുള്ള ദേശീയ ടീമുകളെ ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു. അടുത്ത ഘട്ടത്തില്‍ ശ്രമങ്ങള്‍ ഇരട്ടിപ്പിക്കല്‍, സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം വര്‍ധിപ്പിക്കല്‍, കൂടുതല്‍ സ്ഥിരതയുള്ളതും ഭാവിക്ക് അനുയോജ്യമായതുമായ സാമ്പത്തിക മാതൃക കെട്ടിപ്പടുക്കുന്നത് തുടരല്‍ എന്നിവ ആവശ്യമാണെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം പറഞ്ഞു



