ദുബൈ– യുഎഇ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനകളിൽ രേഖപ്പെടുത്തിയത് 3000 ത്തിലധികം നിയമലംഘനങ്ങളെന്ന് ദുബൈ പോലീസ് അറിയിച്ചു. പരിശോധനകളിൽ 49 വാഹനവും 25 മോട്ടോർ ബൈക്കുകളും പിടിച്ചെടുത്തെന്നും അധികൃതർ വ്യക്തമാക്കി. നിയമവിരുദ്ധ സ്റ്റണ്ടുകളും റേസുകളും നടത്തി യാത്രക്കാരുടെയും നാട്ടുകാരുടെയും ജീവൻ അപകടത്തിലാക്കി ചില യുവാക്കൾ ആഘോഷങ്ങളെ ദുരുപയോഗം ചെയ്‌തതായും ഗതാഗത വിഭാഗം ഡയറക്‌ടർ ബ്രിഗേഡിയർ ജുമാ സാലിം ബിൻ സുവൈദാൻ അറിയിച്ചു.
ഇത്തരത്തിലുള്ള പ്രവൃത്തികൾ എമിറാത്തി മൂല്യങ്ങൾക്കും സാമൂഹ്യസദാചാരത്തിനും വിരുദ്ധമാണ്. കർശന നടപടികളിലൂടെ അപകട രീതിയിലുള്ള വാഹനമോടിക്കലിനെ തടയമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കുടുംബങ്ങൾ കുട്ടികളെയും യുവാക്കളെയും നിയന്ത്രണത്തിലാക്കി ആഘോഷങ്ങൾ സുരക്ഷിതവും ക്രമപൂർണവും ആക്കുന്നതിൽ ശ്രദ്ധ പുലർത്തണമെന്നും പോലീസ് അഭ്യർഥിച്ചു.



