ദുബൈ– യുഎഇയുടെ 54-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി ദുബൈ സഫാരി പാർക്കിൽ പ്രത്യേക പരിപാടികൾ നടക്കും. കൂടാതെ പ്രവേശന ടിക്കറ്റിൽ 50 ശതമാനം ഇളവും പ്രഖ്യാപിച്ചു. ശനിയാഴ്ച മുതൽ ചൊവ്വയാഴ്ച വരെ 25 ദിർഹത്തിന് സഫാരി പാർക്കിലെ കാഴ്ചകൾ ആസ്വദിക്കാം. സാധാരണ 50 ദിർഹമാണ് പ്രവേശന ടിക്കറ്റ് നിരക്ക്. സന്ദർശകർക്ക് മികച്ച അനുഭവം നൽകാനായി എക്‌സ്‌പ്ലോറർ സഫാരി ടൂർ, ഷട്ടിൽ ട്രെയിൻ സേവനങ്ങൾ എന്നിവയുൾപ്പെടുന്ന സഫാരി ബണ്ടിൽ ടിക്കറ്റുകൾ 100 ദിർഹത്തിനും ലഭ്യമാക്കും. ദേശീയ ദിനത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികളുടെയും പ്രവർത്തനങ്ങളുടെയും ഭാഗമാകാനുള്ള അവസരമാണ് സന്ദർശകർക്കായി ഒരുങ്ങുന്നത്. ‘യുണൈറ്റഡ് ഇൻ നേച്ചർ’ എന്ന പ്രമേയത്തിലാണ് പാർക്കിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുക. പൈതൃകവും ദേശീയതയും, പ്രകൃതിയും വന്യജീവികളും, കുടുംബ സൗഹൃദ വിനോദങ്ങൾ, പ്രതിബിംബവും പ്രതിജ്ഞയും എന്നിങ്ങനെ നാല് പ്രധാന വിഭാഗങ്ങളിലാണ്
ആഘോഷപരിപാടികൾ നടത്തുക.
പൈതൃകവും ദേശീയതയും എന്ന വിഭാഗത്തിലെ ഫ്ലേവേഴ്‌സ് ഓഫ് ദ യൂണിയൻ എന്ന പ്രമേയത്തിലെ മജ്‌ലിസ് കിയോസ്‌കിൽ പരമ്പരാഗത ഇമിറാത്തി നൃത്തം, മൈലാഞ്ചി, ലുഖൈമത്ത്, അറബിക് കാപ്പി എന്നിങ്ങനെ ഇമിറാത്തി പാരമ്പര്യവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങളുണ്ടാകും. ജൈവവൈവിധ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദർശകരിൽ അവബോധം വളർത്താനാണ് ‘പ്രകൃതിയും വന്യജീവികളും’ ലക്ഷ്യമിടുന്നത്. കുടുംബങ്ങൾക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒട്ടേറെ ആകർഷണങ്ങളാണ് കുടുംബ സൗഹൃദ വിനോദ വിഭാഗത്തിലുള്ളത്. കരകൗശലവസ്തു നിർമാണത്തിലും ഫെയ്സ് പെയിന്റിങ്ങിലും പങ്കെടുക്കുന്നതിനൊപ്പം ഭംഗിയുള്ള ചിത്രങ്ങളെടുക്കാൻ ഫോട്ടോ ബൂത്തുകളുമുണ്ടാകും.
യുഎഇയുടെ പരമ്പരാഗത കഥ പറിച്ചിലുമായി ‘വോയ്സ് ഓഫ് ദ യൂണിയനും’ പാരിസ്ഥിതിക സംരക്ഷണത്തിന് ഊന്നൽ നൽകികൊണ്ട് ‘യുണൈറ്റഡ് ഫോർ വൈൽഡ്‌ലൈഫ്’ എന്ന പ്രതിജ്ഞയും ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈ സഫാരി പാർക്കിൽ സംഘടിപ്പിക്കും. രാജ്യത്തിന്റെ പൈതൃകത്തെ സഫാരി പാർക്കിന്റെ കഥയുമായി ബന്ധിപ്പിക്കാൻ ‘54 ആൻഡ് ദ സെവൻ എമിറേറ്റ്സ്’ ഫോട്ടോ സ്‌പോട്ടും സജീവമാകും. വൈവിധ്യമാർന്ന വിനോദ, വിദ്യാഭ്യാസ പരിപാടികളിലൂടെ യുഎഇ ദേശീയദിന അവധികളിൽ സന്ദർശകർക്ക് അവിസ്മരണീയമായ അനുഭവങ്ങൾ സമ്മാനിക്കാനാണ് പാർക്ക് അധികൃതർ ശ്രമിക്കുന്നത്. വ്യത്യസ്തയിനങ്ങളിലുള്ള 3000-ത്തോളം മൃഗങ്ങളുടെ ആവാസകേന്ദ്രമാണ് ദുബായ് സഫാരി പാർക്ക്. ഇതിൽ 84 ഇനം സസ്തനികളും 60 ഇനം ഉരഗങ്ങൾ 115 തരം പക്ഷികളുമെല്ലാം ഉൾപ്പെടുന്നു



