അബുദാബി– മൃഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും മികച്ച ചികിത്സ ഉറപ്പാക്കാനും പുതിയ നിയമം പുറത്തിറക്കി യുഎഇ. ഈ രംഗത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുക ലക്ഷ്യമിട്ടാണ് വെറ്ററിനറി മെഡിക്കൽ ഉത്പന്നങ്ങളെയും ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങളെയും സംബന്ധിച്ച പുതിയ നിയമം നടപ്പാക്കുന്നത്. വ്യാജമായതോ കേടായതോ കാലാവധി കഴിഞ്ഞതോ ആയ മെഡിക്കൽ ഉത്പന്നങ്ങളുടെ വ്യാപാരം പുതിയ നിയമത്തിലൂടെ കർശനമായി നിരോധിക്കും. വെറ്ററിനറി മരുന്നുകൾ കുറിച്ച് നൽകുന്നതിനും വിൽക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. അംഗീകൃത വെറ്ററിനറി ഡോക്ടർക്ക് മാത്രമേ മരുന്ന് കുറിപ്പടി നൽകാനോ അതിൽ മാറ്റം വരുത്താനോ സാധിക്കൂ.
വെറ്ററിനറി ഉത്പന്നങ്ങളുടെ വികസനം, അംഗീകാരം, നിർമാണം, വിപണനം, വിതരണം എന്നിവയിൽ രാജ്യത്ത് ശക്തമായ മാനേജ്‌മെന്റ് സംവിധാനം നിലവിൽ വരും. മരുന്നുകൾ, ബയോളജിക്കൽ ഉത്പന്നങ്ങൾ, കുത്തിവെപ്പ് സപ്ലിമെന്റുകൾ, അസംസ്‌കൃത വസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ, നിയന്ത്രിതവും അർധനിയന്ത്രിതവുമായ മരുന്നുകൾ തുടങ്ങിയ എല്ലാ വെറ്ററിനറി ഉത്പന്നങ്ങൾക്കും നിയമം ബാധകമാണ്. വെറ്ററിനറി ഉത്പന്നങ്ങളുടെ വികസനം, നിർമാണം, രജിസ്‌ട്രേഷൻ, വില നിർണയം, ഇറക്കുമതി, കയറ്റുമതി, വിതരണം, കൈവശം വെക്കൽ, വിൽപ്പന,പരസ്യം ചെയ്യൽ, സുരക്ഷിതമായ സംസ്‌കരണം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വ്യവസ്ഥകളും പുതിയ നിയമത്തിലൂടെ നിയന്ത്രിക്കും. ഇറക്കുമതി ചെയ്യുന്നതും പ്രാദേശികമായി നിർമിക്കുന്നതും വിതരണം ചെയ്യുന്നതുമായ വെറ്ററിനറി ഉത്പന്നങ്ങളുടെ വർഗീകരണം പ്രത്യേക നിബന്ധനകളുടെയും നിയന്ത്രണങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും. വെറ്ററിനറി മെഡിക്കൽ ഉത്പന്നങ്ങളുടെ സ്റ്റോക്കിനായുള്ള ദേശീയനയം മന്ത്രിസഭ അംഗീകരിച്ചശേഷം പുറത്തിറക്കാനുള്ള വ്യവസ്ഥകളും നിയമം വിശദീകരിക്കുന്നുണ്ട്
പുതിയ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കാത്തവർ കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടിവരും. നിയമം പ്രാബല്യത്തിൽവന്ന തീയതി മുതൽ ഒരു വർഷം വരെ നിലവിലെ സാഹചര്യം മെച്ചപ്പെടുത്താൻ സ്ഥാപനങ്ങൾക്ക് സമയം അനുവദിച്ചിട്ടുണ്ട്. വെറ്ററിനറി ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങൾക്കുള്ള ലൈസൻസിങ് നടപടികൾ എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റും കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയവും ചേർന്നാണ് നിയന്ത്രിക്കുന്നത്. ഫ്രീസോൺ സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്.



