അബൂദാബി– യുഎഇ സ്വകാര്യ തൊഴിൽ മേഖലയിലെ ഏറ്റവും വലിയ അംഗീകാരമായ എമിറേറ്റ്‌സ് ലേബർ മാർക്കറ്റ് അവാർഡ് നേടി മലയാളി. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി അനസ് കാതിയാരകത്താണ് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പുരസ്‌കാരത്തിന് അർഹനായത്. മാനേജ്മെന്റ്, എക്സിക്യൂട്ടീവ് വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് അപേക്ഷകരിൽ നിന്നാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
ഒരു ലക്ഷം ദിർഹം (24 ലക്ഷം രൂപ) കാഷ് അവാർഡ്, സ്വർണ നാണയം, ആപ്പിൾ വാച്ച്, ഫസ പ്ലാറ്റിനം പ്രിവിലേജ് കാർഡ്, പ്രത്യേക ഇൻഷുറൻസ് കാർഡ് എന്നിവയാണ് സമ്മാനം. ആരോഗ്യസേവന ദാതാവായ ബുർജീൽ ഹോൾഡിങ്‌സിൽ റീജനൽ ഹ്യൂമൻ റിസോഴ്‌സ് മാനേജറാണ് അനസ്.
അബൂദാബിയിൽ നടന്ന ചടങ്ങിൽ പ്രസിഡൻഷ്യൽ കോർട്ട് ഫോർ ഡെവലപ്‌മെൻറ് ആൻഡ് ഫോളൻ ഹീറോസ് അഫേഴ്‌സ് ഡെപ്യൂട്ടി ചെയർമാൻ ത്വയ്യിബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ പുരസ്‌കാരം സമ്മാനിച്ചു.
കൊറോണ സമയത്ത് ബുർജീൽ ഹോൾഡിങ്സ് കൈകാര്യം ചെയ്ത മഫ്റഖ് കോവിഡ് ആശുപത്രിയുടെ എച്ച്ആർ ഓപറേഷൻസ് ചുമതല വിജയകരമായി നിർവഹിച്ചതിന് ‘ഹീറോസ് ഓഫ് ദി യുഎഇ’ മെഡലും ഗോൾഡൻ വിസയും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. നിലവിൽ ബുർജീലിന്റെ രാജ്യാന്തര പദ്ധതികളുടെ എച്ച്ആർ ചുമതലയും അനസിനാണ്. ഖദീജ ജിഷ്ണിയാണ് അനസിന്റെ ഭാര്യ. മക്കൾ ഹൈറിൻ, ഹായ്സ്, ഹൈസ.



