ദുബായ്: സുഡാൻ സായുധ സേനക്ക് ആയുധങ്ങളും സൈനിക ഉപകരണങ്ങളും നിയമവിരുദ്ധമായി കൈമാറാനുള്ള ശ്രമം യു.എ.ഇ സുരക്ഷാ ഏജൻസികൾ പരാജയപ്പെടുത്തി. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
രാജ്യത്തെ വിമാനത്താവളങ്ങളിലൊന്നിലെ സ്വകാര്യ ജെറ്റിനുള്ളിൽ നിന്നാണ് ആയുധങ്ങൾ പിടികൂടിയത്. ഗിറാനോവ് 7.62 x 54.7 എംഎം വെടിയുണ്ടകളുടെ ഏകദേശം അഞ്ച് ദശലക്ഷം വെടിയുണ്ടകൾ വിമാനത്തിൽ കണ്ടെത്തി. കൂടാതെ ഈ ഇടപാടിലെ പണം ഹോട്ടൽ മുറികളിൽ നിന്നും കണ്ടെത്തി.
സുഡാനിലെ മുതിർന്ന സൈനിക നേതാക്കളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന്
കണ്ടെത്തിയതായി അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി പറഞ്ഞു.
കലാഷ് നിക്കോവ് റൈഫിളുകൾ, വെടിമരുന്ന്, മെഷീൻ ഗൺ, ഗ്രനേഡുകൾ എന്നിവ ഉൾപ്പെടുന്ന ആയുധ ഇടപാടിന് സംഘം സൗകര്യമൊരുക്കി.
സംഭവം ദേശീയ സുരക്ഷയുടെ ഗുരുതരമായ ലംഘനമാണെന്ന് അറ്റോർണി ജനറൽ ഊന്നിപ്പറഞ്ഞു. ആഭ്യന്തര സംഘർഷത്തിൽ കുടുങ്ങിക്കിടക്കുന്ന ഒരു രാജ്യത്തിലേക്ക് ആയുധക്കടത്തിനുള്ള വേദിയാക്കി യു.എ.ഇയെ മാറ്റുന്നു.
പ്രതികളെ വിചാരണയ്ക്ക് വിധേയമാക്കുന്നതിനുള്ള തയ്യാറെടുപ്പിനായി പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.