ദുബായ് – ചില രാജ്യക്കാര്‍ക്ക് യു.എ.ഇ ആജീവനാന്ത ഗോള്‍ഡന്‍ വിസ നല്‍കുമെന്ന നിലക്ക് പ്രചരിക്കുന്ന വാര്‍ത്തകള്‍ യു.എ.ഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട്‌സ് സെക്യൂരിറ്റി നിഷേധിച്ചു.
ഗോള്‍ഡന്‍ വിസ വിഭാഗങ്ങള്‍, വ്യവസ്ഥകള്‍, നിയന്ത്രണങ്ങള്‍ എന്നിവ ഔദ്യോഗിക നിയമങ്ങള്‍, ചട്ടങ്ങള്‍, മന്ത്രിതല തീരുമാനങ്ങള്‍ എന്നിവ അനുസരിച്ച് നിര്‍ണയിച്ചിട്ടുണ്ടെന്ന് അതോറിറ്റി പറഞ്ഞു. താല്‍പര്യമുള്ളവര്‍ക്ക് അതോറിറ്റിയുടെ വെബ്സൈറ്റും സ്മാര്‍ട്ട് ആപ്ലിക്കേഷനും വഴി അവയെ കുറിച്ച് കൂടുതലറിയാന്‍ കഴിയും. എല്ലാ ഗോള്‍ഡന്‍ വിസ അപേക്ഷകളും രാജ്യത്തിനുള്ളിലെ ഔദ്യോഗിക സര്‍ക്കാര്‍ ചാനലുകള്‍ വഴിയാണ് കൈകാര്യം ചെയ്യുന്നത്. അപേക്ഷാ പ്രക്രിയയില്‍ രാജ്യത്തിനകത്തെയോ വിദേശത്തെയോ ഒരു കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തെയും അംഗീകൃത കക്ഷിയായി പരിഗണിക്കുന്നില്ല.
രാജ്യത്തിന് പുറത്തുനിന്നുള്ള എല്ലാ വിഭാഗങ്ങള്‍ക്കും കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളും വാണിജ്യ സ്ഥാപനങ്ങളും വഴി ലഘുവായ വ്യവസ്ഥകളോടെ യു.എ.ഇയില്‍ ആജീവനാന്ത ഗോള്‍ഡന്‍ വിസക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുമെന്ന് സൂചിപ്പിച്ച് വിദേശ രാജ്യത്തിലെ കണ്‍സള്‍ട്ടിംഗ് ഓഫീസ് നല്‍കിയ പത്ര റിപ്പോര്‍ട്ടുകള്‍ അടുത്തിടെ അതോറിറ്റിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഈ അവകാശവാദത്തിന് നിയമപരമായ അടിസ്ഥാനമോ രാജ്യത്തെ ബന്ധപ്പെട്ട വകുപ്പുകളുടെ സ്ഥിരീകരണമോ ഇല്ല.
ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും വ്യക്തവുമായ അന്തരീക്ഷം നല്‍കാനും സുതാര്യത വര്‍ധിപ്പിക്കാനും ഔദ്യോഗിക ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി മാത്രം സേവനങ്ങള്‍ തുടര്‍ച്ചയായി അപ്ഡേറ്റ് ചെയ്യാനും അതോറിറ്റി പൂര്‍ണ പ്രതിബദ്ധത പ്രകടിപ്പിച്ചു. യു.എ.ഇയില്‍ ജീവിക്കാനും താമസിക്കാനും ആഗ്രഹിക്കുന്നവരില്‍ നിന്ന് നിയമവിരുദ്ധമായി പണം നേടാനായി ഇത്തരം കിംവദന്തികള്‍ പ്രചരിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.