അബുദാബി – ഇറാനിലേക്ക് ബില്യണ്‍ കണക്കിന് ഡോളര്‍ മാറ്റിയെന്ന റിപ്പോര്‍ട്ടുകള്‍ യു.എ.ഇ നിഷേധിച്ചു. ഇറാനിലേക്ക് യു.എ.ഇ 300 കോടി ഡോളര്‍ മാറ്റിയെന്നത് അടക്കം പുറത്തുവന്ന റിപ്പോര്‍ട്ടുകളാണ് യു.എ.ഇ വിദേശ മന്ത്രാലയം നിഷേധിച്ചത്. ഈ വാദങ്ങള്‍ തെറ്റാണെന്നും ഏതെങ്കിലും വസ്തുതകളെയോ വിശ്വസനീയമായ വിവരങ്ങളെയോ അടിസ്ഥാനമാക്കിയുള്ളതല്ല എന്നും വിദേശ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. മരവിപ്പിച്ച ഇറാന്‍ ഫണ്ടുകള്‍ യു.എ.ഇ വഴി വിട്ടുകൊടുക്കുകയോ കൈമാറ്റം ചെയ്യുകയോ മാറ്റുകയോ ചെയ്തിട്ടില്ല. കൃത്യത പാലിക്കാനും ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് വിവരങ്ങള്‍ നേടാനും അടിസ്ഥാനരഹിതമായ വിവരങ്ങളും വിശ്വാസ്യതയില്ലാത്ത അവകാശവാദങ്ങളും പ്രചരിപ്പിക്കുന്നതില്‍ നിന്നും പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാനും യു.എ.ഇ വിദേശ മന്ത്രാലയം മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചു.
ബന്ധപ്പെട്ട കക്ഷികള്‍ തമ്മിലുള്ള നിലവിലുള്ള സാമ്പത്തിക ക്രമീകരണങ്ങളുടെ ഭാഗമായി, മരവിപ്പിച്ച ഇറാന്‍ ആസ്തികളില്‍ നിന്ന് ആയിരം കോടി ഡോളര്‍ വരെ വിട്ടുകൊടുക്കാന്‍ യു.എ.ഇ സമ്മതിച്ചതായി അഭിജ്ഞ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഈ ഫണ്ടുകളില്‍ 300 കോടിയിലേറെ ഡോളര്‍ ഇതിനകം ഇറാന് കൈമാറി. ആകെ 2,000 കോടി ഡോളര്‍ ഇറാന് വിട്ടുകൊടുത്തേക്കുമെന്ന് മറ്റ് സ്രോതസ്സുകള്‍ സൂചിപ്പിച്ചു. ഫണ്ട് വിട്ടുകൊടുക്കാനുള്ള സംവിധാനത്തിന്റെ വിശദാംശങ്ങളോ പൂര്‍ണ്ണ സമയക്രമമോ ഇപ്പോഴും വ്യക്തമല്ല. യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും തമ്മിലുള്ള സാധ്യമായ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെ പുരോഗതിയുടെ സൂചനകള്‍ക്കൊപ്പമാണ് പുതിയ സംഭവവികാസങ്ങള്‍ എന്ന് റോയിട്ടേഴ്‌സ് പറഞ്ഞു.



