ദുബൈ – യുഎഇയിൽ ശൈത്യം അതികഠിനമായി തുടരുന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന കൊടുമുടിയായ റാസൽഖൈമയിലെ ജബൽ ജെയ്‌സിൽ താപനില 0.2 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു. വ്യാഴാഴ്ച പുലർച്ചെയാണ് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. മെബ്ര പർവതനിരകൾ (3.1 ഡിഗ്രി), ജബൽ അൽ റബ (3.2 ഡിഗ്രി), രക്തന (4 ഡിഗ്രി), ഹഫീത്ത് പർവതനിരകൾ (6.7 ഡിഗ്രി) എന്നിവിടങ്ങളിലും തണുപ്പ് അതിശക്തമാണ്.
സൈബീരിയയിൽ നിന്നും ആർട്ടിക് മേഖലയിൽ നിന്നും വീശിയടിക്കുന്ന തണുത്ത കാറ്റ് യൂറോപ്പ് കടന്ന് ഗൾഫ് മേഖലയിൽ എത്തുന്നതാണ് നിലവിലെ കൊടുംതണുപ്പിന് കാരണം. 2017-ൽ ജബൽ ജെയ്‌സിൽ മൈനസ് 5.7 ഡിഗ്രി വരെ താപനില താഴ്ന്ന ചരിത്രമുണ്ട്. ജനുവരി രണ്ടാം പകുതിയോടെ തണുപ്പ് ഇനിയും വർധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. തണുപ്പ് കഠിനമായ സാഹചര്യത്തിൽ താമസക്കാർ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.



