അബൂദാബി – യുഎഇയിൽ മഴയുടെ അളവ് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ക്ലൗഡ് സീഡിംഗ് പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാൻ അധികൃതർ തീരുമാനിച്ചു. രാജ്യത്തെ ജല സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മൂന്ന് പുതിയ ക്ലൗഡ് സീഡിംഗ് ഗവേഷണങ്ങൾക്കായി 15 ലക്ഷം ഡോളർ വരെ ഗ്രാൻറ് അനുവദിച്ചാണ് യുഎഇ ഈ രംഗത്ത് നിർണായക നീക്കം നടത്തുന്നത്. യുഎഇ റിസർച്ച് പ്രോഗ്രാം ഫോർ റെയിൻ എൻഹാൻസ്‌മെന്റ് സയൻസിന്റെ ആറാം ഘട്ടത്തോട് അനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൂന്ന് പ്രമുഖ ശാസ്ത്രജ്ഞരെ ഇതിനായി തിരഞ്ഞെടുത്തു. അമേരിക്കയിൽ നിന്നുള്ള റഡാർ കാലാവസ്ഥാ വിദഗ്ധൻ ഡോ. മൈക്കൽ ഡിക്‌സൺ, ഓസ്‌ട്രേലിയയിലെ വിക്ടോറിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ലിൻഡ സൂ, ജർമ്മനിയിലെ ഹോഹൻ ഹൈം യൂണിവേഴ്സിറ്റിയിലെ ഡോ. ഒലിവർ ബ്രാഞ്ച് എന്നിവരാണ് ഈ ഗവേഷണങ്ങൾക്ക് നേതൃത്വം നൽകുന്നത്. 48 രാജ്യങ്ങളിൽ നിന്നുള്ള 140 ഗവേഷകരിൽ നിന്നാണ് ഇവർ അവസാന പട്ടികയിൽ ഇടംപിടിച്ചത്. മൂന്ന് വർഷത്തെ കാലാവധിയുള്ള ഈ പദ്ധതിയിൽ ഓരോ ഗവേഷണത്തിനും പ്രതിവർഷം പരമാവധി 5.5 ലക്ഷം ഡോളർ വരെ ലഭിക്കും.
വർഷത്തിൽ ശരാശരി 100 മില്ലീമീറ്റർ മാത്രം മഴ ലഭിക്കുന്ന യുഎഇ നിലവിൽ ജല ആവശ്യങ്ങൾക്കായി പ്രധാനമായും കടൽവെള്ള ശുദ്ധീകരണത്തെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യം ജല സുരക്ഷയ്ക്ക് വലിയ വെല്ലുവിളി ഉയർത്തുന്നതിനാലാണ് ക്ലൗഡ് സീഡിംഗ് സാങ്കേതികവിദ്യ കൂടുതൽ കാര്യക്ഷമമായി വികസിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് മേഘങ്ങളെ കൂടുതൽ കൃത്യമായി കണ്ടെത്തുക, പരിസ്ഥിതി സൗഹൃദമായ നാനോ വസ്തുക്കൾ ഉപയോഗിച്ച് പുതിയ വിത്തുകൾ വികസിപ്പിക്കുക, മണൽതിട്ടകളുടെ രൂപകൽപ്പനയിലൂടെ മഴയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയ വിപുലമായ പഠനങ്ങളാണ് ഈ ഗവേഷണങ്ങളിലൂടെ ലക്ഷ്യമിടുന്നത്. 2015-ൽ ഈ ഗ്രാൻറ് സംവിധാനം നിലവിൽ വന്നത് മുതൽ ഇതുവരെ ഏകദേശം 2.5 കോടി ഡോളർ ക്ലൗഡ് സീഡിംഗ് ഗവേഷണങ്ങൾക്കായി യുഎഇ ചെലവഴിച്ചിട്ടുണ്ട്.



