അബൂദാബി – ഇറാനിൽ നിന്നുള്ള ‘യുറാനസ് സ്റ്റാർ’ കുപ്പിവെള്ളത്തിനും അതേ ബ്രാൻഡിൽ നിന്നുള്ള മറ്റു ഉൽപ്പന്നങ്ങൾക്കും യുഎഇയിൽ വിലക്ക്. ഈ ബ്രാൻ്റ് ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനോ വ്യാപാരം ചെയ്യുന്നതിനോ ഔദ്യോഗിക അനുമതി നൽകിയിട്ടില്ലെന്ന് യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം വെള്ളിയാഴ്ച സ്ഥിരീകരിച്ചു. രാജ്യത്തെ പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ഈ ഉൽപ്പന്നങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.
‘യുറാനസ് സ്റ്റാർ’ കുപ്പിവെള്ളം കുടിച്ച് ഒമാനിൽ അടുത്തിടെ രണ്ട് പേർ മരിച്ചതിനെ തുടർന്നാണ് പ്രഖ്യാപനം വന്നത്. കുപ്പിവെള്ളം കുടിച്ചതിനെ തുടർന്ന് സെപ്റ്റംബർ 29 ന് ഒരു പ്രവാസി സ്ത്രീയും ഒക്ടോബർ 1 ന് ഒരു സ്വദേശിയും മരിച്ചതിനെ തുടർന്ന് ഒമാനി അധികൃതർ പൊതുജന മുന്നറിയിപ്പ് നൽകുകയും ഉൽപ്പന്നം തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. സാമ്പിളുകളുടെ ലബോറട്ടറി പരിശോധനയിൽ ‘യുറാനസ് സ്റ്റാർ’ ൽ “ആംഫെറ്റാമൈൻ” അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി, ഇത് ഉൽപ്പന്നത്തിന്റെ ചില പാക്കേജുകളിൽ മനഃപൂർവ്വം ചേർത്തതാണെന്ന് പിന്നീട് തെളിഞ്ഞു.
‘പ്രാദേശിക വിപണി സംഭവവികാസങ്ങൾ തുടർച്ചയായി നിരീക്ഷിക്കുന്നതിന്റെ ഭാഗമായി – പ്രത്യേകിച്ച് അയൽരാജ്യത്ത് യുറാനസ് സ്റ്റാർ ഉൽപ്പന്നത്തിൽ ദോഷകരമായ വസ്തു സ്ഥിരീകരിച്ചതിനെ തുടർന്ന് ഞങ്ങൾ അടിയന്തര പരിശോധന നടപടികൾ സജീവമാക്കിയിട്ടുണ്ട്. ഈ ഘട്ടങ്ങളിൽ ഓരോ എമിറേറ്റിലെയും പ്രസക്തമായ എല്ലാ പ്രാദേശിക ഭക്ഷ്യ സുരക്ഷാ അധികാരികളുമായും നേരിട്ടുള്ള ഏകോപനം ഉൾപ്പെടുന്നു. രാജ്യത്തെ എല്ലാ പ്രവേശന തുറമുഖങ്ങളിലും ഭക്ഷ്യ കയറ്റുമതി രേഖകൾ സൂക്ഷ്മമായി പരിശോധിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു,’ -കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം കൂട്ടിച്ചേർത്തു.
‘യുറാനസ് സ്റ്റാർ’ കുപ്പിവെള്ളമോ അതേ ബ്രാൻഡിൽ നിന്നുള്ള മറ്റേതെങ്കിലും ഉൽപ്പന്നങ്ങളോ കയറ്റുമതി ചെയ്യുന്നതിന് പെർമിറ്റുകളോ അംഗീകാരങ്ങളോ നൽകിയിട്ടില്ലെന്ന് ഉറപ്പാക്കാൻ മന്ത്രാലയം നടപടിക്രമങ്ങളും മേൽനോട്ടവും ശക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും സ്രോതസ്സിൽ നിന്ന് ഉൽപ്പന്നം വാങ്ങിയിരിക്കാവുന്ന പൊതുജനങ്ങൾ, അവരുടെ കൈവശമുള്ള അളവ് എത്ര ചെറുതാണെങ്കിലും ഉടനടി നശിപ്പിക്കണമെന്നും അവരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി ഈ ബ്രാൻഡ് വെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.