ബാങ്കുകള്‍ ആപ്പ് അധിഷ്ഠിത ഓഥന്റിക്കേഷന്‍ ആരംഭിക്കും, 2026 മാര്‍ച്ച് മുതല്‍ എസ്.എം.എസ് ഒ.ടി.പികള്‍ പൂര്‍ണമായും നിര്‍ത്തലാക്കും
അബുദാബി – ഡിജിറ്റല്‍ ബാങ്കിംഗ് സുരക്ഷ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, യു.എ.ഇയിലെ ബാങ്കുകള്‍ എസ്.എം.എസും ഇ-മെയിലും വഴി അയക്കുന്ന ഒ.ടി.പികള്‍ ഇന്നു മുതല്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാന്‍ തുടങ്ങും. യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം, ആഭ്യന്തര, അന്തര്‍ദേശീയ സാമ്പത്തിക ഇടപാടുകള്‍ക്കായി എല്ലാ ബാങ്കുകളും ഉപഭോക്താക്കളെ ആപ്പ് അധിഷ്ഠിത പ്രാമാണീകരണത്തിലേക്ക് (ഓഥന്റിക്കേഷന്‍) മാറ്റണം.
സിം സ്വാപ്പിംഗ്, ഫിഷിംഗ് പോലുള്ള തന്ത്രങ്ങളിലൂടെ സൈബര്‍ കുറ്റവാളികള്‍ കൂടുതലായി ലക്ഷ്യമിടുന്ന എസ്.എം.എസ്, ഇ-മെയില്‍ ഒ.ടി.പികളെ ദീര്‍ഘകാലമായി ആശ്രയിക്കുന്ന രീതികളില്‍ നിന്നുള്ള പ്രധാന മാറ്റമാണ് പുതിയ നീക്കം.
പുതിയ മാറ്റം ക്രമേണയായിരിക്കും നടപ്പാക്കുക. 2026 മാര്‍ച്ചോടെ എസ്.എം.എസും ഇ-മെയിലും വഴിയുള്ള ഒ.ടി.പികള്‍ പൂര്‍ണമായും നിര്‍ത്തലാക്കും. ഒ.ടി.പിയുടെ സ്ഥാനത്ത്, ബാങ്ക് മൊബൈല്‍ ആപ്പുകളില്‍ ഉള്‍പ്പെടുത്തിയ സുരക്ഷിത സാങ്കേതികവിദ്യകളിലൂടെ ഉപഭോക്താക്കള്‍ ഇടപാടുകള്‍ പ്രാമാണീകരിക്കും. യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ അനുസരിച്ച്, എസ്.എം.എസും ഇ-മെയിലും വഴി ഒ.ടി.പികള്‍ സ്വീകരിക്കുന്ന രീതി ഘട്ടം ഘട്ടമായി നിര്‍ത്തലാക്കും. ഉപഭോക്താക്കള്‍ക്ക് അവരുടെ ബാങ്കിന്റെ സ്മാര്‍ട്ട് ആപ്ലിക്കേഷനില്‍ ആപ്പ് വഴി പ്രാമാണീകരണം എന്ന ഫീച്ചര്‍ തെരഞ്ഞെടുത്ത് ഇപ്പോള്‍ എളുപ്പത്തില്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും – ബാങ്ക് വക്താവ് പറഞ്ഞു.
യു.എ.ഇയിൽ ബാങ്കിംഗ് ഇടപാടുകൾക്ക് ഒ.ടി.പി സേവനം നിർത്തലാക്കുന്നു
സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കാനും ഡിജിറ്റല്‍ ബാങ്കിംഗിലുള്ള വിശ്വാസം വര്‍ധിപ്പിക്കാനുമുള്ള യു.എ.ഇയുടെ വിശാലമായ തന്ത്രത്തിന്റെ ഭാഗമാണ് പുതിയ പരിഷ്‌കാരം. പരമ്പരാഗത ഒ.ടി.പികളുമായി പരിചയിച്ച ഉപഭോക്താക്കള്‍ക്ക് ഈ മാറ്റവുമായി പൊരുത്തപ്പെടാന്‍ കുറച്ച് സമയമെടുത്തേക്കും. ആപ്പുകള്‍ അപ്‌ഡേറ്റ് ചെയ്യാനും പുതിയ ഇന്‍-ആപ്പ് പ്രാമാണീകരണ സവിശേഷതകള്‍ ഉപയോഗിച്ചു തുടങ്ങാനും ബാങ്കുകള്‍ ഉപയോക്താക്കളോട് ആവശ്യപ്പെടുന്നുണ്ട്. ഇപ്പോള്‍, പരിവര്‍ത്തന കാലയളവില്‍ തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് എസ്.എം.എസ്, ഇ-മെയില്‍ ഒ.ടി.പികള്‍ ലഭ്യമായിരിക്കും. എന്നാല്‍, അടുത്ത എട്ടു മാസത്തിനുള്ളില്‍ ഈ രീതികള്‍ പൂര്‍ണമായും നിര്‍ത്തലാക്കും. ഇത് കൂടുതല്‍ സുരക്ഷിതവും ആപ്പ് അധിഷ്ഠിതവുമായ വെരിഫിക്കേഷന് വഴിയൊരുക്കും.