ദുബായ്: യു എ ഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഈ മാസം 31 ന് അവസാനിരിക്കെ വിസ കാലാവധി കഴിഞ്ഞ ശേഷം രാജ്യത്ത് തുടരുന്നവർക്ക് താമസം നിയമവിധേയമാക്കുന്നതിനോ പിഴയോ പ്രവേശന നിരോധനമോ കൂടാതെ സ്വദേശത്തേക്ക് മടങ്ങുന്നതിനോ സൗകര്യമൊരുക്കുന്ന കാലാവധി നീട്ടില്ലെന്ന് ദുബായ് ഇമിഗ്രേഷൻ മേധാവി ലെഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി വ്യക്തമാക്കി.
പൊതുമാപ്പ് അവസാനിക്കാൻ ഇനിയും ദിവസങ്ങൾ ബാക്കിയുണ്ടെന്ന് വിചാരിക്കാതെ ഉടൻ തന്നെ ഈ അവസരം വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമലംഘകർക്കെതിരെ കർശന നടപടികളുണ്ടാവുമെന്ന് ജിഡിആർഎഫ്എ മുന്നറിയിപ്പ് നൽകി.
പൊതുമാപ്പ് കഴിഞ്ഞ ശേഷം നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് നിയമലംഘകരുടെയും വിദേശികളുടെയും ഫോളോ-അപ്പ് വിഭാഗത്തിന്‍റെ ചുമതലയുള്ള അസിസ്റ്റന്‍റ് ഡയറക്ടർ ജനറൽ മേജർ ജനറൽ സലാ അൽ-ഖാംസി അറിയിച്ചു.
പൊതുമാപ്പ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ വിവിധ പ്രവാസി സമൂഹങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും അറിയുന്നതിനായി ദുബായ് ഇമിഗ്രേഷൻ മേധാവി മുഹമ്മദ് അഹമ്മദ് അൽ മർറി ദുബായിലെ മാധ്യമപ്രവർത്തകരുമായി സംവദിച്ചു.
ഡയറക്ടർ ജനറലുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിന്, ഡയറക്ടർ ജനറലിന്‍റെ പേജ് സന്ദർശിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 8005111 എന്ന നമ്പറിലൂടെ 24/7 പ്രവർത്തിക്കുന്ന അമർ സെന്‍റർ വഴി നിയമ ലംഘനങ്ങൾ അറിയിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.