ദുബൈ– ചൈന ആസ്ഥാനമായുള്ള വൈദ്യുത ടുക് ടുക് (ഓട്ടോറിക്ഷ) വാഹനം ഉടന്‍ യുഎഇയിലെ നിരത്തിലെത്തിയേക്കും. ഗ്രീന്‍ പവര്‍ ജിസിസി എന്ന കമ്പനിയാണ് യുഎഇയിലേക്ക് വൈദ്യുത ഓട്ടോറിക്ഷകള്‍ എത്തിക്കുക. സൗരോർജ്ജത്തിലും വൈദ്യുതിയിലും പ്രവർത്തിക്കുന്ന ഓട്ടോറിക്ഷയുടെ മുകളില്‍ സോളാര്‍ പാനലുകള്‍ ഘടിപ്പിച്ച നിലയിലായിരിക്കും. ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍ടിഎ) അനുമതിക്കായുള്ള ശ്രമത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു.
ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമെല്ലാം ഈ വാഹനങ്ങള്‍ ഉപയോഗിക്കാൻ കഴിയുമെന്ന് ഗ്രീന്‍ പവര്‍ സെയില്‍സ് എക്‌സിക്യുട്ടീവ് അഹമ്മദ് തൗസീഫ് പറഞ്ഞു. ഈജിപ്ത്, തായ്ലൻഡ്, ഇന്ത്യ, മറ്റ് ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഇത്തരം വൈദ്യുത ഓട്ടോറിക്ഷകള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. ഈജിപ്ത്, ചൈന തുടങ്ങിയ രാജ്യങ്ങളിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം പരിഹരിക്കുന്നതിനും കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനുമായി യുഎഇക്ക് ഒട്ടേറെ പദ്ധതികളുണ്ട്. അതിലൊന്നാണ് ഗതാഗത മേഖലയിലെ ഊര്‍ജ ഉപഭോഗം 20 ശതമാനം കുറയ്ക്കുന്നതിനും ആഗോള റോഡ് ഗുണനിലവാര റാങ്കിങ്ങില്‍ യുഎഇയുടെ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നതിനും ലക്ഷ്യമിടുന്ന ദേശീയ വൈദ്യുതവാഹന നയം. 2023 മേയില്‍ ഊര്‍ജ, അടിസ്ഥാന സൗകര്യ മന്ത്രാലയം ‘ഗ്ലോബല്‍ ഇവി മാര്‍ക്കറ്റ്’ പദ്ധതി ആരംഭിച്ചിരുന്നു.



