അബുദാബി: നാലു ദിവസം നീണ്ട ഗള്‍ഫ് പര്യടനം പൂര്‍ത്തിയാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എയര്‍ഫോഴ്സ് വണ്ണില്‍ അബുദാബി വിട്ടു. ഗള്‍ഫ് പര്യടനത്തിനിടെ ബില്യണ്‍ കണക്കിന് ഡോളറിന്റെ കരാറുകളില്‍ ഒപ്പുവെക്കുന്നതിന് പ്രസിഡന്റ് മേല്‍നോട്ടം വഹിച്ചു. സിറിയക്കെതിരെ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഉപരോധങ്ങള്‍ നീക്കുമെന്ന് വ്യക്തമാക്കി. സൗദി അറേബ്യ, ഖത്തര്‍, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ ഇറാന്‍ ആണവ കരാറിനെ കുറിച്ച ശുഭാപ്തിവിശ്വാസം ട്രംപ് ആവര്‍ത്തിച്ചു.
കഴിയുന്നത്ര വേഗത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനുമായി കൂടിക്കാഴ്ച നടത്താന്‍ ആഗ്രഹിക്കുന്നതായി ഇന്ന് അബുദാബിയില്‍ നടന്ന ബിസിനസ് വട്ടമേശാ യോഗത്തില്‍ ട്രംപ് പറഞ്ഞു. റഷ്യക്കും ഉക്രൈനിനും എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം എന്ന് തുര്‍ക്കിയിലെ റഷ്യ-ഉക്രൈന്‍ സമാധാന ചര്‍ച്ചകളെ പരാമര്‍ശിച്ച് ട്രംപ് പറഞ്ഞു. ഗാസയിലെ സാഹചര്യം തന്റെ ഭരണകൂടം ശ്രദ്ധിക്കും. ഞങ്ങള്‍ ഗാസയെ നോക്കുകയാണ്, ഞങ്ങള്‍ ഗാസയെ ശ്രദ്ധിക്കാന്‍ പോകുന്നു. ധാരാളം ആളുകള്‍ അവിടെ പട്ടിണിയിലാണ്. ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്ന് 1.4 ട്രില്യണിലേറെ ഡോളറിന്റെ നിക്ഷേപ വാഗ്ദാനങ്ങള്‍ നേടിയതായും ട്രംപ് പറഞ്ഞു.
തന്റെ പര്യടനത്തെ അവിശ്വസനീയം എന്ന് ട്രംപ് വിശേഷിപ്പിച്ചു. ഇപ്പോള്‍ വീട്ടിലേക്ക് മടങ്ങാനുള്ള സമയമായി. എന്റെ മകള്‍ക്ക് ഒരു കുഞ്ഞുണ്ടായിരുന്നു. ആ കുഞ്ഞിനെ കാണാന്‍ ഞാന്‍ വീട്ടിലേക്ക് പോകുന്നു – തന്റെ നവജാത പേരക്കുട്ടിയെ കാണാന്‍ അമേരിക്കയിലേക്ക് മടങ്ങാന്‍ ഉദ്ദേശിക്കുന്നതായി സൂചിപ്പിച്ച് ട്രംപ് പറഞ്ഞു.