ദുബായ് : നഷ്ടപെട്ടു പോയന്ന കരുതിയ വിലപ്പെട്ടെ രേഖകളങ്ങിയ ട്രോളി ബാഗ് തിരികെ ലഭിച്ച സന്തോഷത്തിലാണ് ദുബായിൽ ജോലി ചെയ്യുന്ന കോഴിക്കോട് മടവൂർ നരിക്കുനി സ്വദേശിയായ മൂസക്കുട്ടിയും കുടുബവും. കഴിഞ്ഞ ദിവസമാണ് മൂസക്കുട്ടിയുടെ ഭാര്യ സഫ്നയും മൂന്ന് മക്കളും ദുബായിലേക്ക് പുറപ്പെട്ടത്. എയർപോർട്ടിൽ നിന്ന് പരിചയപെട്ട പെരിന്തൽമണ്ണ സ്വദേശിയായ യുവാവ് ഇവർക്ക് വേണ്ട സഹായങ്ങളെല്ലാം ചെയ്തിരുന്നു.
പുലർച്ചെ 3 മണിക്ക് ദുബായ് എയർ പോർട്ടിലിറങ്ങി കൺവെയർ ബൽറ്റിൽ നിന്നും ലഗേജുകൾ ഒരോന്നും ട്രോളികളിൽ വെച്ച് കൊടുക്കാനും യുവാവ് കൂടെയുണ്ടായിരുന്നു.ട്രോളിയിൽ ലഗേജുകൾ തികയാതെ വന്നപ്പോൾ ബാക്കി വന്ന ഒരു ബാഗ് യുവാവിൻ്റെ ട്രോളിയിൽ വെച്ച് എല്ലാവരും കൂടെ പുറത്തേക്ക് നടന്നു.
ഇതിനിടെ ഭാര്യയെയും മക്കളെയും സ്വീകരിക്കാൻ പുറത്ത് നിന്നിരുന്ന മൂസക്കുട്ടിയും സുഹൃത്തും ഇവർ പുറത്ത് വരുന്നത് വീഡിയോയിൽ പകർത്തിയിരുന്നു. പുറത്തെത്തിയ സഫ്നയും കുട്ടികളും യുവാവിനെ മൂസക്കുട്ടിക്ക് പരിചയപ്പെടുത്തി സംസാരിച്ച് പിരിഞ്ഞു. ഇതിനിടക്ക് തൻ്റെ ട്രോളിയിലുള്ള ബാഗ് കൊടുക്കാൻ യുവാവും ചോദിച്ച് വാങ്ങാൻ സഫ്നയും മറന്നു.
രാവിലെയാണ് ബാഗ് മറന്ന് പോയ കാര്യം ഇവർ ഓർത്തത്. വിലപ്പെട്ട പല രേഖകളും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതിൽ നിരാശപെട്ട് പലയിടങ്ങളിലും അന്വേഷണം ആരംഭിച്ചു. യുവാവ് പെരിന്തൽമണ്ണ സ്വദേശിയാണെന്ന് സംസാരത്തിനിടെ പറഞ്ഞതല്ലാതെ ഫോൺ നമ്പറോ മറ്റ് ബന്ധപ്പെടാവുന്ന മാർഗ്ഗങ്ങളോ ഇവരുടെ കൈയ്യിലില്ല താനും. അന്വേഷണം എയർപോർട്ടിലും എയർലൈൻസ് ഓഫീസിലും വരെ എത്തി. ആരെങ്കിലും മറന്ന് കൊണ്ട് പോയ ബാഗ് തിരികെ ഏൽപ്പിച്ചിട്ടുണ്ടോ എന്നറിയാനായിരുന്നു.
അവിടെയും നിരാശയായിരുന്നു ഫലം.
ഇതിനിടക്ക് മൂസക്കുട്ടിയുടെ സുഹൃത്തും നാട്ടുകാരനുമായ റഫീഖ് തൻ്റെ ഫെയ്സ്ബുക്കിലുള്ള പെരിന്തൽമണ്ണക്കാരനായ സുഹൃത്തിനെ ബന്ധപ്പെട്ടു. ഇദ്ദേഹം നൽകിയ പെരിന്തൽമണ്ണയില ജീവകാരുണ്യ പ്രവർത്തകൻ താമരത്ത് ഹംസുവിൻ്റ ഫോൺ നമ്പറിൽ ബന്ധപ്പെടാൻ തീരുമാനിച്ചു. വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കിയ ഹംസു “മരണ വാർത്തകൾ” എന്ന തൻ്റെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ഈ വിവരം പങ്ക് വച്ചു. കൂടെ എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങി നേരം മൂസക്കുട്ടിയെടുത്ത വീഡിയോയിലെ യുവാവിൻ്റെ ചിത്രവും പോസ്റ്റ് ചെയ്തു.
പതിനഞ്ച് മിനുട്ട്നുള്ളിൽ ഹംസുവിന് പെരിന്തൽമണ്ണക്കടുത്ത് തിരൂർക്കാട്ടിൽ നിന്നും ഫോൺ കോൾ വന്നു. ഫോട്ടോയിലുള്ളത് തൻ്റെ സുഹൃത്താണന്നും ഉടനെ അവനെ ബന്ധപ്പെടാമെന്നും അറിയിച്ചു.
സന്ദർശക വിസയിൽ ദുബായിൽ എത്തിയ തിരൂർക്കാട് സ്വദേശി മുഹമ്മദ് ജസിം തനിക്ക് ലഭിച്ച ബാഗ് എന്ത് ചെയ്യണമെന്നറിയാതെ മന:പ്രയാസത്തിൽ കഴിയുകയായിരുന്നു. ബാഗിൻ്റെ ഉടമയെ ബന്ധപ്പെടാൻ ഒരു വഴിയും അദ്ദേഹത്തിൻ്റെ മുന്നിലുണ്ടായിരുന്നില്ല. ജസിമിൻ്റെ നമ്പർ സംഘടിപ്പിച്ച ഹംസു മൂസക്കുട്ടിയുമായി ബന്ധപ്പെട്ടു. ഇന്ന് രാവിലെ മൂസക്കുട്ടിയുടെ കരാമയിലെ വീട്ടിലെത്തിയ ജസിം ബാഗ് ഉടമക്ക് കൈമാറി. ബാഗ് തിരികെ ലഭിക്കാൻ സഹായിച്ചവർക്കും താമരത്ത് ഹംസുവിനും ജസീമിനും മൂസക്കുട്ടിയും കുടുബവും പ്രത്യേകം നന്ദി പറഞ്ഞു.