- സൗദി അറേബ്യ 54-ാം സ്ഥാനത്തും ഇന്ത്യ 77-ാം സ്ഥാനത്തും എത്തി
ദുബായ് – ഹെന്‍ലി പാസ്പോര്‍ട്ട് സൂചികയുടെ 2025 ലെ മധ്യവര്‍ഷ റിപ്പോര്‍ട്ട് പ്രകാരം അറബ് ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ആയി യു.എ.ഇ പാസ്‌പോര്‍ട്ട് മാറി. ആഗോളതലത്തില്‍ യു.എ.ഇ പാസ്‌പോര്‍ട്ട് എട്ടാം സ്ഥാനത്താണ്. ഒരു അറബ് രാജ്യം ഇതുവരെ നേടിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന ആഗോള മൊബിലിറ്റി റാങ്കിംഗാണിത്. യു.എ.ഇ പാസ്പോര്‍ട്ട് 183 രാജ്യങ്ങളിലേക്ക് വിസ രഹിത, ഓണ്‍-അറൈവല്‍ വിസ പ്രവേശനം വാഗ്ദാനം ചെയ്യുന്നു. ഇത് രാജ്യത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന നയതന്ത്ര വ്യാപ്തിക്കും തുറന്ന വിദേശനയത്തിനും തെളിവാണ്.
ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി ഒപ്പുവച്ച വിസ ഇളവ് കരാറുകളുടെ എണ്ണം വര്‍ധിച്ചതാണ് യു.എ.ഇയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചക്ക് പ്രധാന കാരണം. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അംഗരാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇപ്പോള്‍ വിസ രഹിത പ്രവേശനം വാഗ്ദാനം ചെയ്യുന്ന ചൈനയുമായുള്ള സമീപകാല സുപ്രധാന കരാര്‍ യു.എ.ഇയുടെ ആഗോള മൊബിലിറ്റി റാങ്കിംഗിനെ കൂടുതല്‍ ഉയര്‍ത്തി.
2015 മുതലുള്ള കഴിഞ്ഞ ദശകത്തിനിടെ യു.എ.ഇ പാസ്‌പോര്‍ട്ട് 42 -ാം സ്ഥാനത്തുനിന്ന് എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇത് സൂചികയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉയര്‍ച്ചകളില്‍ ഒന്നാണ്. മുന്‍കൂര്‍ വിസ ആവശ്യമില്ലാതെ ഉടമകള്‍ക്ക് പ്രവേശിക്കാന്‍ കഴിയുന്ന ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി, ലോകത്തിലെ എല്ലാ പാസ്പോര്‍ട്ടുകളുടെയും യഥാര്‍ഥവും ആധികാരികവുമായ റാങ്കിംഗായി ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക കണക്കാക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും സമഗ്രമായ യാത്രാ വിവര ഡാറ്റാബേസായ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ എക്‌സ്‌ക്ലൂസീവ് ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഈ സൂചിക തയാറാക്കുന്നത്.
ആഗോളതലത്തില്‍ 227 സ്ഥലങ്ങളില്‍ 193 ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രവേശനം നല്‍കുന്ന പാസ്പോര്‍ട്ടുമായി സിംഗപ്പൂര്‍ ആഗോളതലത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നു. 190 ലക്ഷ്യസ്ഥാനങ്ങളുമായി ജപ്പാനും ദക്ഷിണ കൊറിയയും രണ്ടാം സ്ഥാനത്താണ്. ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ എന്നിവയുള്‍പ്പെടെ ഏഴ് യൂറോപ്യന്‍ രാജ്യങ്ങള്‍ മൂന്നാം സ്ഥാനം പങ്കിടുന്നു.
അതേസമയം പരമ്പരാഗതമായി ശക്തമായ പാസ്പോര്‍ട്ട് ഉടമകളായ രാജ്യങ്ങളുടെ സ്വാധീനം കുറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളില്‍ വര്‍ധിച്ചുവരുന്ന നിയന്ത്രണങ്ങളുള്ള പ്രവേശന നയങ്ങളുടെ പ്രവണതയെ പ്രതിഫലിപ്പിക്കുന്ന യു.കെയും യു.എസും യഥാക്രമം 6, 10 സ്ഥാനങ്ങളിലേക്ക് താഴ്ന്നു.
189 സ്ഥലങ്ങളിലേക്ക് വിസ രഹിത പ്രവേശനമുള്ള ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, അയര്‍ലന്‍ഡ്, ഇറ്റലി, സ്‌പെയിന്‍ എന്നീ ഏഴ് യൂറോപ്യന്‍ പാസ്പോര്‍ട്ടുകള്‍ മൂന്നാം സ്ഥാനം പങ്കിടുന്നു. 188 സ്ഥലങ്ങളിലേക്ക് വിസ രഹിത പ്രവേശനമുള്ള യൂറോപ്യന്‍ രാജ്യങ്ങളായ ഓസ്ട്രിയ, ബെല്‍ജിയം, ലക്‌സംബര്‍ഗ്, നെതര്‍ലാന്‍ഡ്സ്, നോര്‍വേ, പോര്‍ച്ചുഗല്‍, സ്വീഡന്‍ സംയുക്തമായി നാലാം സ്ഥാനത്താണ്. പ്രാദേശിക ആധിപത്യത്തെ വെല്ലുവിളിക്കുന്ന ഏക രാജ്യമായ ന്യൂസിലന്‍ഡ്, ഗ്രീസിനും സ്വിറ്റ്സര്‍ലന്‍ഡിനും ഒപ്പം അഞ്ചാം സ്ഥാനത്താണ്.
വിസ രഹിത പട്ടികയില്‍ രണ്ട് സ്ഥലങ്ങള്‍ മാത്രം ചേര്‍ത്തിട്ടും കഴിഞ്ഞ ആറ് മാസത്തിനിടെ റാങ്കിംഗില്‍ ഇന്ത്യ ഏറ്റവും വലിയ കുതിച്ചുചാട്ടം രേഖപ്പെടുത്തി എട്ട് സ്ഥാനങ്ങള്‍ കയറി 85 -ാം സ്ഥാനത്ത് നിന്ന് 77-ാം സ്ഥാനത്തേക്ക് എത്തി. ഇപ്പോള്‍ 59 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് വിസ രഹിത പ്രവേശനം ലഭിക്കും.
ജനുവരി മുതല്‍ നാല് സ്ഥലങ്ങള്‍ കൂടി ചേര്‍ത്തുകൊണ്ട് വിസ രഹിത ആക്സസില്‍ സൗദി അറേബ്യ ഏറ്റവും വലിയ നേട്ടം കൈവരിച്ചു. റാങ്കിംഗില്‍ നാല് സ്ഥാനങ്ങള്‍ ഉയര്‍ത്തി 54-ാം സ്ഥാനത്തെത്തി. സൗദി പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇപ്പോള്‍ 91 രാജ്യങ്ങളില്‍ പ്രവേശിക്കാന്‍ കഴിയും. ലോകത്തിലെ ഏറ്റവും ശക്തി കുറഞ്ഞ പാസ്പോര്‍ട്ട് എന്ന നിലയില്‍ റാങ്കിംഗില്‍ ഏറ്റവും താഴ്ന്ന സ്ഥാനത്ത് അഫ്ഗാനിസ്ഥാനാണ്. അഫ്ഗാന്‍ പൗരന്മാര്‍ക്ക് 25 ലക്ഷ്യസ്ഥാനങ്ങളിലേക്ക് മാത്രമേ വിസ-ഫ്രീ, ഓണ്‍-അറൈവല്‍ വിസ പ്രവേശനം നല്‍കുന്നുള്ളൂ.