ദുബായ്: ഷാർജ കരാമയിൽ ആൺസുഹൃത്തിനാൽ കൊല്ലപ്പെട്ട തിരുവനന്തപുരം നെടുമങ്ങാട് ബോണക്കാട് സ്വദേശിനി ആനിമോൾ ഗിൽഡിന്റെ (26) മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. എയർ അറേബ്യ വിമാനത്തിൽ രാത്രി 10:20ന് തിരുവനന്തപുരത്ത് എത്തിക്കും. ഇതിനുള്ള എല്ലാ നടപടികളും പൂർത്തിയായി.
ആനിമോളുടെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ യുവാവ് ദുബായ് പോലീസിന്റെ പിടിയിലാണ്. അബുദാബിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഇയാളാണ് പ്രതി. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആനിമോളെ യുഎഇയിലെത്തിച്ചത് ഇയാളാണെന്ന് പോലീസ് സൂചിപ്പിക്കുന്നു.
ഒന്നര വർഷം മുമ്പ് യുഎഇയിലെത്തിയ ആനിമോൾ ക്രെഡിറ്റ് കാർഡ് സെയിൽസ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. മേയ് 4ന് വൈകിട്ട് കരാമ മത്സ്യമാർക്കറ്റിന് പിന്നിലെ കെട്ടിടത്തിലെ ഫ്ലാറ്റിൽ വച്ചാണ് കൊലപാതകം നടന്നത്. സംഭവത്തിന് തലേദിവസം പ്രതി അബുദാബിയിൽ നിന്ന് ദുബായിലെത്തി ആനിമോളെ കണ്ടിരുന്നു. ഇവർ തമ്മിലുള്ള അഭിപ്രായവ്യത്യാസവും തർക്കവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് സംശയിക്കുന്നു.
കൊലപാതകത്തിന് ശേഷം ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിർമിത ബുദ്ധി ക്യാമറയുടെ സഹായത്തോടെ പോലീസ് പിടികൂടി. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
സാമൂഹിക പ്രവർത്തകൻ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തുന്നത്.