ഷാർജ: എയർ അറേബ്യ യാത്രക്കാർക്ക് ഇനി മുതൽ 10 കിലോയുടെ ഹാൻഡ് ബാഗേജ് കൊണ്ടുപോകാമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ കൈകുഞ്ഞുമായി യാത്ര ചെയ്യുന്നവർക്ക് സൗജന്യ ഹാൻഡ് ബാഗേജിൽ മൂന്നു കിലോ അധികമായും അനുവദിച്ചിട്ടുണ്ട്.
നിലവിൽ മറ്റ് മിക്ക എയർലൈനുകളും ഒരു യാത്രക്കാരന് ഹാൻഡ് ബാഗേജ് 7 കിലോ ആയി പരിമിതപ്പെടുത്തിയ സാഹചര്യത്തിലാണീ പരിഷ്കാരമെന്നത് ശ്രദ്ധേയമാണ്. ഇതിൽ ക്യാരി-ഓൺ ബാഗുകൾ, വ്യക്തിഗത ഇനങ്ങൾ, ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് വാങ്ങുന്ന സാധനങ്ങൾ എന്നിവ ഉൾപ്പെടുമെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി. ക്യാരി-ഓൺ ബാഗിന്‍റെ പരമാവധി അളവ് 55 x 40 x 20 സെന്‍റി മീറ്ററും വ്യക്തിഗത ഇനത്തിന്‍റെ അളവ് 25 x 33 x 20 സെന്‍റി മീറ്ററുമായിരിക്കണം.
ഷാർജയിലെ എയർലൈൻ ആസ്ഥാനത്തു നിന്നും, ഈജിപ്തിലെയും മൊറോക്കോയിലെയും ഹബ്ബുകളിൽ നിന്നും പുറപ്പെടുന്ന എല്ലാ വിമാനങ്ങൾക്കും ഈ നിയമങ്ങൾ ബാധകമാണെന്നും എയർ അറേബ്യ വിശദീകരിച്ചു. കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന യാത്രക്കാർക്ക് വിമാന യാത്രയ്ക്കിടെ കുഞ്ഞിനാവശ്യമായ ഇനങ്ങൾക്ക് 3 കിലോ വരെ ഭാരമുള്ള ഒരു സ്റ്റാൻഡേർഡ് സൈസ് ഹാൻഡ് ബാഗേജ് കൂടി ലഭിക്കും.
ഈ അധിക ബാഗേജ് മുൻവശത്തെ സീറ്റിനടിയിൽ വയ്ക്കണം. ചെക്ക്-ഇൻ കൗണ്ടറിൽ അധിക ബാഗിൽ വ്യക്തിഗത ഇന ടാഗുകൾ ഘടിപ്പിക്കണമെന്നും എയർലൈൻ നിർദേശിച്ചു. ഡ്യൂട്ടി ഫ്രീ പർച്ചേസുകൾ ഉൾപ്പെടെ എല്ലാ ക്യാബിൻ ബാഗേജുകളും ബോർഡിംഗ് ഗേറ്റിൽ ഭാരം, അളവുകൾ, എണ്ണം എന്നിവയുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കും. ക്യാബിൻ ബാഗേജ് പരിധി ലംഘിച്ചാൽ അധിക നിരക്ക് നൽകേണ്ടി വരും.