അബുദാബി: യു.എ.ഇ അതിൻ്റെ കൊടും വേനലിൻ്റെ അവസാനത്തോട് അടുക്കുമ്പോൾ സുഹൈൽ നക്ഷത്രത്തിൻ്റെ ഉദയം പ്രതീക്ഷിച്ച് എല്ലാ കണ്ണുകളും ചക്രവാളത്തിലേക്ക് തിരിയുന്നു. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ പ്രതീക്ഷിക്കുന്ന ഈ ആകാശ സംഭവം, വേനൽക്കാലത്തെ ചൂടിൻ്റെ കൊടുമുടിയിൽ നിന്ന് കൂടുതൽ മിതശീതോഷ്ണ ദിനങ്ങളിലേക്കുള്ള പരിവർത്തനത്തെയാണ് സൂചിപ്പിക്കുന്നത്.
സുഹൈൽ ആഗസ്റ്റ് 24 മുതൽ പുലർച്ചെയാണ് ദൃശ്യമാകുകയെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ അഭിപ്രായപ്പെട്ടു, ഇത് കാലാവസ്ഥാ വ്യതിയാനത്തിൻ്റെ തുടക്കം കുറിക്കുന്നു.
സുഹൈൽ നക്ഷത്രം പ്രത്യക്ഷമാക്കുന്നതോടെ ഈ പ്രദേശത്ത് ഏകദേശം 40 ദിവസത്തെ ‘സുഫ്രിയ’ എന്നറിയപ്പെടുന്ന പരിവർത്തന കാലാവസ്ഥ അനുഭവപ്പെടും.ഇത് തീവ്രമായ വേനൽക്കാലവും തണുത്ത താപനിലയും തമ്മിലുള്ള വിടവ് നികത്തുന്ന ഏറ്റക്കുറച്ചിലുകളാൽ സവിശേഷതയുള്ളതാണ്.
ഇതിനെത്തുടർന്ന്, ‘വാസ്ം’ സീസൺ ആരംഭിക്കുന്നതോടെ ഒക്ടോബർ പകുതി മുതൽ കാലാവസ്ഥ ക്രമേണ സ്ഥിരത കൈവരിക്കും.
അതേസമയം സുഹൈലിൻ്റെ ഉദയത്തിന് 100 ദിവസങ്ങൾക്ക് ശേഷം ശൈത്യകാലം ആരംഭിക്കും.
സുഹൈലിൻ്റെ ആരംഭം ഇന്ത്യൻ മൺസൂണിൻ്റെ പിൻവാങ്ങലിൻ്റെ സൂചനകൂടിയാണ്, അത് ദുർബലമാവുകയും തെക്കോട്ട് നീങ്ങുകയും ചെയ്യുന്നു. ഇത് പീന്നീട് ‘കൗസ്’ കാറ്റിൻ്റെ വരവ് വർദ്ധിപ്പിച്ച് ഈർപ്പം വഹിക്കുകയും താഴ്ന്ന മേഘങ്ങളുടെ രൂപവത്കരണത്തിന് കാരണമാവുകയും ചെയ്യുന്നു.
ഈ മേഘങ്ങൾ, പ്രത്യേകിച്ച് ഒമാനിലെയും യുഎഇയിലെയും ഹജർ പർവതനിരകളുടെ കിഴക്കൻ ചരിവുകളിൽ ചെറിയ ചാറ്റൽമഴകൾ സൃഷ്ടിച്ചേക്കാം.
‘യമനിലെ നക്ഷത്രം’ എന്നറിയപ്പെടുന്ന സുഹൈലിന് അറബ് പാരമ്പര്യത്തിൽ സുപ്രധാനമായ സ്ഥാനമുണ്ട്. അതിൻ്റെ രൂപഭാവം അതുല്യമായ ‘ദുരൂർ’ കലണ്ടറുമായി ബന്ധപ്പെട്ടതാണ്.ഇത് വർഷത്തെ വ്യത്യസ്ത ഘട്ടങ്ങളായി വിഭജിക്കുന്നു.