ദുബായ്: യുഎഇയിൽ സ്വകാര്യ കമ്പനികൾ എമിറാത്തി പൗരന്മാർക്ക് ജോലി നൽകുന്നുണ്ടോ എന്ന് ജൂലൈ ഒന്ന് മുതൽ അധികൃതർ പരിശോധിക്കും. എമിറാത്തി ജീവനക്കാരെ സോഷ്യൽ സെക്യൂരിറ്റി ഫണ്ടിൽ ചേർക്കുന്നതും അവർക്കുള്ള സംഭാവനകൾ കൃത്യമായി അടയ്ക്കുന്നതും ഉറപ്പാക്കണമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അറിയിച്ചു.
50-ലേറെ ജീവനക്കാരുള്ള കമ്പനികൾ 2025 ജൂൺ 30 നകം തങ്ങളുടെ എമിറാത്തി ജോലിക്കാരുടെ എണ്ണം 1 ശതമാനം കൂട്ടണം. ഓരോ വർഷവും രണ്ട് ശതമാനം വർധനവ് വേണം. ആദ്യ ആറ് മാസത്തിൽ ഒരു ശതമാനവും അടുത്ത ആറ് മാസത്തിൽ ഒരു ശതമാനവും. അതായത്, 2025 ജൂണിൽ ഏഴ് ശതമാനവും ഡിസംബറിൽ എട്ട് ശതമാനവും എമിറാത്തി ജോലിക്കാർ വേണം. ഇത് പാലിക്കാത്തവർക്ക് ഓരോ എമിറാത്തി ജോലിക്കാരന്റെ കുറവിനും ആയിരക്കണക്കിന് ദിർഹം പിഴ നൽകേണ്ടി വരും. 2026 അവസാനത്തോടെ, സ്വകാര്യ കമ്പനികളിൽ 10 ശതമാനം ജോലികൾ എമിറാത്തികൾക്കായി നീക്കിവയ്ക്കണം.
അതേസമയം വ്യാജമായി ജോലി നിയമനങ്ങൾ നിര്‍മിച്ചാൽ ഡിജിറ്റൽ പരിശോധനാ സംവിധാനം ഉപയോഗിച്ച് മന്ത്രാലയം കണ്ടെത്തും. 2022 മുതൽ 2025 ഏപ്രിൽ വരെ 2,200-ലധികം കമ്പനികൾ നിയമലംഘനം നടത്തിയതായി കണ്ടെത്തി, അവർക്കെതിരെ നടപടി എടുത്തു.
2025 ഏപ്രിൽ വരെ 28,000 സ്വകാര്യ കമ്പനികളിൽ 1,36,000-ലധികം എമിറാത്തികൾ ജോലി ചെയ്യുന്നുണ്ട്, ഇത് വലിയ നേട്ടമാണ്.
“തൊഴിൽ വിപണിയിലെ മികച്ച പ്രകടനവും യുഎഇയുടെ സാമ്പത്തിക വളർച്ചയും കമ്പനികളെ ഈ ലക്ഷ്യം നേടാൻ സഹായിക്കുന്നു,” മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ ഫരീദ അൽ അലി പറഞ്ഞു. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കമ്പനികൾക്ക് 80 ശതമാനം വരെ ഫീസ് ഇളവും മുൻഗണനയും നൽകും.