അബുദാബി: സ്കൂളുകളിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി അബുദാബി വിദ്യാഭ്യാസ വകുപ്പ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സ്കൂൾ സമയങ്ങളിൽ പുറത്തുനിന്നുള്ള ഫുഡ് ഡെലിവറി പൂർണമായി നിരോധിച്ചു. വിദ്യാർഥികൾ ഫാസ്റ്റ് ഫുഡോ അനാരോഗ്യകരമായ ഭക്ഷണങ്ങളോ ഓർഡർ ചെയ്യുന്നത് തടയുകയാണ് ഈ നടപടിയുടെ ലക്ഷ്യം.
ആരോഗ്യകരമായ ഭക്ഷണത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്ന ബോധവൽക്കരണ സന്ദേശങ്ങൾ, ഓഗസ്റ്റ് 25-ന് ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിന് മുമ്പായി സ്കൂളുകൾ മാതാപിതാക്കൾക്കും വിദ്യാർഥികൾക്കും വിതരണം ചെയ്തു. സമീകൃത ഭക്ഷണം ഏകാഗ്രത, ഓർമശക്തി, ഊർജനില, മൊത്തത്തിലുള്ള ക്ഷേമം എന്നിവ വർധിപ്പിക്കുകയും അക്കാദമിക് സമ്മർദങ്ങളെ നേരിടാൻ മാനസിക പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് സ്കൂളുകൾ വ്യക്തമാക്കി. കൊഴുപ്പും പഞ്ചസാരയും അധികമുള്ള ക്രിസ്പ്സ്, പഞ്ചസാര അടങ്ങിയ ശീതളപാനീയങ്ങൾ, ഫാസ്റ്റ് ഫുഡ് തുടങ്ങിയ പോഷകമൂല്യം കുറഞ്ഞ ഭക്ഷണങ്ങൾക്കെതിരെ മാർഗനിർദേശങ്ങൾ മുന്നറിയിപ്പ് നൽകുന്നു.
ആരോഗ്യകരമായ ലഞ്ച്ബോക്സിനുള്ള മാനദണ്ഡങ്ങളും സ്കൂളുകൾ വിശദീകരിച്ചു. ഭക്ഷണം സന്തുലിതവും ഫ്രഷ് ആയും സൂക്ഷിക്കാൻ പ്രത്യേക അറകളുള്ള, സുരക്ഷിതവും പ്രതിപ്രവർത്തനരഹിതവുമായ പാത്രങ്ങൾ ഉപയോഗിക്കണമെന്ന് ശുപാർശ ചെയ്തു. കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കാനും ദീർഘകാലാടിസ്ഥാനത്തിൽ നല്ല പോഷകാഹാര രീതികൾ സ്ഥാപിക്കാനുമുള്ള വിശാലമായ നീക്കത്തിന്റെ ഭാഗമാണ് ഈ നിയന്ത്രണങ്ങൾ.
ഏകദേശം 44 ശതമാനം വിദ്യാർഥികളും അനാരോഗ്യകരമായ ഭക്ഷണം ലഞ്ച്ബോക്സിൽ കൊണ്ടുവരുന്നതായി ഡോക്ടർമാരും പോഷകാഹാര വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ഇത് സ്കൂൾ കുട്ടികളിൽ പൊണ്ണത്തടിയും പ്രമേഹവും വർധിക്കാൻ കാരണമാകുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. വീട്ടിൽ സമീകൃത ഭക്ഷണം തയ്യാറാക്കുന്നതിലൂടെയും സംസ്കരിച്ച ലഘുഭക്ഷണങ്ങൾ കുറയ്ക്കുന്നതിലൂടെയും പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും മാതാപിതാക്കൾ കുട്ടികളുടെ ഭക്ഷണശീലങ്ങൾ രൂപപ്പെടുത്തണമെന്ന് വിദഗ്ധർ ഉപദേശിക്കുന്നു. ആരോഗ്യകരമായ തിരഞ്ഞെടുപ്പുകൾ വളർത്തിയെടുക്കുന്നതിൽ മാതാപിതാക്കൾ നിർണായക പങ്ക് വഹിക്കുന്നുവെന്നും സ്കൂളുകളുടെ ശ്രമങ്ങളെ പിന്തുണയ്ക്കണമെന്നും വിദഗ്ധർ ഊന്നിപ്പറയുന്നു.