ദുബൈ – യുഎഇയിൽ ഏറ്റവും കുറഞ്ഞ വിശ്വാസ്യതയുള്ള തൊഴിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെതാണെന്ന് പഠനം. ഇൻസൈറ്റ് ഡിസ്കവറി നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. ഏഴാമത് ‘വേസ്റ്റ് റെപ്യൂടേഷൻ ഇൻ ദി യു.എ.ഇ’എന്ന പഠനത്തിലാണ് ഇൻസൈറ്റ് ഡിസ്കവറി ഈ കാര്യം വ്യക്തമാക്കിയത്.
യുഎഇ നിവാസികളുടെ സർവേയിൽ പങ്കെടുത്ത 1,025 പേരിൽ 21 ശതമാനവും ഇൻഫ്ലുവൻസർമാരുടേതാണ് ഏറ്ററവും വിശ്വാസം കുറഞ്ഞ തൊഴിലെന്ന് അഭിപ്രായപ്പെട്ടു. ടെലിമാർക്കറ്റർമാർ, ക്രെഡിറ്റ് കാർഡ് വിതരണക്കാർ, റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ എന്നിവരെക്കാൾ കുറഞ്ഞ വിശ്വാസമാണ് ഇൻഫ്ലുവൻസർമാക്കുള്ളത്.
ഇൻഫ്ലുവൻസർമാരിൽ തന്നെ സാമ്പത്തിക രംഗം കൈകാര്യം ചെയ്യുന്നവരെയാണ് ഏറ്റവും വിശ്വാസം കുറവെന്നും സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പഠനത്തിൽ ഏറ്ററവും വിശ്വാസം കുറഞ്ഞവരിൽ രണ്ടാം സ്ഥാനത്ത് ടെലി മാർക്കറ്റിംഗ് രംഗത്തുള്ളവരാണ്.
ക്രെഡിറ്റ് കാർഡ് വിതരണക്കാർ(13ശതമാനം), റിക്രൂട്ട്മെന്‍റ് കമ്പനികൾ(11ശതമാനം), റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ (8ശതമാനം) എന്നിങ്ങനെയാണ് മറ്റു തൊഴിലുകളുടെ സർവെഫലം. കഴിഞ്ഞ ആറ് വർഷമായി ഭൂരിഭാഗവും ക്രെഡിറ്റ് കാർഡ് ഇഷ്യൂവർമാരും റിക്രൂട്ട്‌മെന്റുകാരുമാണ് പട്ടികയിൽ ഒന്നാം സ്ഥാനം വഹിച്ചിരുന്നത്. ഇൻഫ്ലുവൻസർ വ്യവസായത്തിൽ സുതാര്യതയുടെയും ഉത്തരവാദിത്തത്തിന്റെയും അഭാവം, പ്രത്യേകിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പ്രമോഷനുകൾ, ഉപദേശങ്ങൾ എന്നിവയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ വർദ്ധിച്ചുവരുന്ന ആശങ്കയെയാണ് ഈ മാറ്റം പ്രതിഫലിപ്പിക്കുന്നത്.