ദുബായ് – ലോകമെമ്പാടുമുള്ള നിര്‍ധനര്‍ക്കും പട്ടിണിപ്പാവങ്ങള്‍ക്കും 100 കോടി ഭക്ഷണപ്പൊതി നല്‍കാനായി 2022 റമദാനില്‍ ആരംഭിച്ച മാനുഷിക പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയതായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം അറിയിച്ചു. മൂന്ന് വര്‍ഷം മുമ്പ് ആഗോളതലത്തില്‍ നിര്‍ധനര്‍ക്ക് 100 കോടി പൊതി ഭക്ഷണം വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഞങ്ങള്‍ ഒരു മാനുഷിക പദ്ധതി ആരംഭിച്ചു. 65 രാജ്യങ്ങളിലായി 100 കോടി പൊതി ഭക്ഷണം വിതരണം ചെയ്തുകൊണ്ട് ഈ മാസം പദ്ധതി അതിന്റെ ലക്ഷ്യം പൂര്‍ണമായും കൈവരിച്ചു. അടുത്ത വര്‍ഷം 26 കോടി ഭക്ഷണം കൂടി വിതരണം ചെയ്യും – ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. വരും വര്‍ഷങ്ങളില്‍ ഭക്ഷ്യസഹായം തുടര്‍ച്ചയായി നല്‍കുന്നത് ഉറപ്പാക്കാന്‍ സുസ്ഥിര റിയല്‍ എസ്റ്റേറ്റ് വഖഫുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. 2020 ലും 2021 ലും യഥാക്രമം നടപ്പാക്കിയ പത്തു ലക്ഷം ഭക്ഷണപ്പൊതി, പത്തു കോടി ഭക്ഷണപ്പൊതി കാമ്പെയ്നുകളുടെ വിജയത്തെ അടിസ്ഥാനമാക്കിയാണ് 100 കോടി ഭക്ഷണപ്പൊതി സംരംഭം ആസൂത്രണം ചെയ്തത്.
മേഖലയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ഭക്ഷ്യ സഹായ സംരംഭമെന്ന നിലയില്‍, 100 കോടി ഭക്ഷണപ്പൊതി സംരംഭത്തിലൂടെ ദരിദ്രരായ വ്യക്തികള്‍, കുടുംബങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്ക് പോഷകാഹാര പിന്തുണ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇത് വിവേചനമില്ലാതെ എല്ലാ സമൂഹങ്ങള്‍ക്കും സഹായം വാഗ്ദാനം ചെയ്യുന്ന മാനുഷികതയോടുള്ള യു.എഇ.യുടെ സമഗ്രമായ സമീപനത്തെ പ്രതിഫലിപ്പിക്കുന്നു. ദീര്‍ഘകാല സ്വാധീനവും ലോകമെമ്പാടുമുള്ള ഭക്ഷണ വിതരണവും ഉറപ്പാക്കാന്‍, 2023 ല്‍ ഏറ്റവും വലിയ സുസ്ഥിര ഭക്ഷ്യ സഹായ വഖഫ് ഫണ്ടായി 100 കോടി ഭക്ഷണപ്പൊതി എന്‍ഡോവ്‌മെന്റ് സംരംഭം ആരംഭിച്ചു. മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സ് പിന്നോക്ക സമൂഹങ്ങളില്‍ ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്താനുള്ള വിഭവങ്ങളും ശ്രമങ്ങളും സമാഹരിക്കുന്നതായി കാബിനറ്റ് കാര്യ മന്ത്രിയും എം.ബി.ആര്‍.ജി.ഐ സെക്രട്ടറി ജനറലുമായ മുഹമ്മദ് അല്‍ഗര്‍ഗാവി പറഞ്ഞു.
യു.എ.ഇയിലുടനീളമുള്ള വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നുമുള്ള ഗണ്യമായ സാമൂഹിക ഇടപെടലും ഉദാരമായ സംഭാവനകളുമാണ് 1 ബില്യണ്‍ മീല്‍സ് സംരംഭത്തിന്റെ വിജയത്തിന് കാരണം. ഈ സംരംഭം നടപ്പാക്കുന്നതില്‍ യു.എന്‍ ഏജന്‍സികളും പ്രാദേശിക, മേഖലാ സംഘടനകളും ഉള്‍പ്പെടെയുള്ള പങ്കാളികളും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഏറ്റവും നിര്‍ധനരായവരെ പിന്തുണക്കാനും ഭക്ഷ്യ വെല്ലുവിളികളെ നേരിടുന്നതിന് സുസ്ഥിരമായ പരിഹാരങ്ങള്‍ സൃഷ്ടിക്കാനും പ്രാദേശിക, ആഗോള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. പട്ടിണി നിര്‍മാര്‍ജനം ചെയ്യാനുള്ള എം.ബി.ആര്‍.ജി.ഐയുടെ പ്രതിബദ്ധത ഭക്ഷണം നല്‍കുന്നതിനപ്പുറം വ്യാപിക്കുന്നു. ദാരിദ്ര്യത്തെയും പോഷകാഹാരക്കുറവിനെയും ചെറുക്കുന്നതിന് സമഗ്രമായ തന്ത്രങ്ങള്‍ വികസിപ്പിക്കാന്‍ സമൂഹങ്ങളെ ശാക്തീകരിക്കുന്നതും പദ്ധതിയില്‍ അടങ്ങിയിരിക്കുന്നു. സുസ്ഥിര വികസനത്തിനായുള്ള എം.ബി.ആര്‍.ജി.ഐയുടെ കാഴ്ചപ്പാടുമായി ഇത് യോജിക്കുന്നു.
ഭക്ഷണ പാഴ്‌സലുകള്‍ വിതരണം ചെയ്യുന്നതിലൂടെ നേരിട്ടുള്ള ഭക്ഷ്യ സഹായം, സപ്ലിമെന്റുകള്‍, സ്മാര്‍ട്ട് വൗച്ചറുകള്‍ മുതലായവ വിതരണം ചെയ്യുന്ന പദ്ധതിയും വ്യക്തികളെയും കുടുംബങ്ങളെയും സ്വയംപര്യാപ്തരാക്കാന്‍ പ്രാപ്തരാക്കുന്ന സുസ്ഥിര പദ്ധതികളും വഴി 100 കോടി മീല്‍സ് സംരംഭം രണ്ട് പ്രധാന വഴികളിലൂടെ യു.എന്‍ സംഘടനകളുമായി പങ്കാളിത്തം സ്ഥാപിച്ചു. കര്‍ഷകരെ ശാക്തീകരിക്കുക, ഭക്ഷ്യ ഉല്‍പാദനത്തിലും മറ്റ് ബന്ധപ്പെട്ട മേഖലകളിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നതായും മുഹമ്മദ് അല്‍ഗര്‍ഗാവി പറഞ്ഞു.
ഭക്ഷ്യ പാഴ്‌സലുകളുടെയും സ്മാര്‍ട്ട് വൗച്ചറുകളുടെയും വിതരണത്തിലൂടെ നേരിട്ടുള്ള ഭക്ഷ്യ സഹായ മേഖലയിലെ ഏറ്റവും വലിയ പങ്കാളിയായ യു.എന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം ഉള്‍പ്പെടെ നിരവധി യു.എന്‍ പങ്കാളികളുമായി സഹകരിച്ചാണ് 100 കോടി ഭക്ഷണപ്പൊതി സംരംഭം ശ്രദ്ധേയമായ നേട്ടങ്ങള്‍ രേഖപ്പെടുത്തിയത്. ജീവകാരുണ്യ, മാനുഷിക, സഹായ പ്രവര്‍ത്തന രംഗത്ത് മേഖലയിലെ ഏറ്റവും വലിയ സംഘടനയായ എം.ബി.ആര്‍.ജി.ഐ, 2024 ല്‍ 118 രാജ്യങ്ങളിലായി 14.9 കോടി ആളുകളെ സ്വാധീനിച്ചുകൊണ്ട് 220 കോടിയിലേറെ ദിര്‍ഹം ചെലവഴിച്ചു. 2015 ല്‍ ആരംഭിച്ച എം.ബി.ആര്‍.ജി.ഐ, രണ്ട് പതിറ്റാണ്ടിലേറെയായി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ പിന്തുണയോടെ 30 ലധികം മാനുഷിക, വികസന സംരംഭങ്ങള്‍ നടപ്പാക്കി. പിന്നോക്ക സമൂഹങ്ങളിലും ദുര്‍ബല ജനവിഭാഗങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച്, പ്രതീക്ഷ വളര്‍ത്താനും ആഗോള വെല്ലുവിളികളെ നേരിടാനും എം.ബി.ആര്‍.ജി.ഐ ലക്ഷ്യമിടുന്നു.