ദുബൈ– ദുബൈയിലെ സുരക്ഷിതവും സന്തോഷപ്രദവുമായ ജീവിതത്തിന് നന്ദിയറിയിച്ച് കത്തെഴുതിയ പത്തു വയസ്സുകാരിയായ ഇന്ത്യൻ വിദ്യാർത്ഥിനിയെ നേരിട്ട് അഭിനന്ദിച്ച് ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. അംബാസഡർ ഇന്റർനാഷണൽ അക്കാദമിയിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഷനയ ബദ്‌ലാനിയെയാണ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിനന്ദിച്ചത്.
താൻ ഏറെ സ്നേഹിക്കുന്ന ദുബൈ നഗരത്തെക്കുറിച്ചും അവിടെ തനിക്ക് ലഭിക്കുന്ന സുരക്ഷിതത്വത്തെക്കുറിച്ചും മനോഹരമായ അറബി ഭാഷയിലാണ് ഷനയ കത്തെഴുതിയത്. അറബി ഭാഷയോടുള്ള ഷനയയുടെ താല്പര്യവും ഭരണനേതൃത്വത്തോടുള്ള അവളുടെ ബഹുമാനവും കത്തിൽ പ്രതിഫലിച്ചിരുന്നു. സ്കൂളിലെ അധ്യാപകരുടെ പിന്തുണയോടെയും വിവിധ ഓൺലൈൻ ആപ്പുകൾ വഴിയുമാണ് ഷനയ അറബി ഭാഷ സ്വായത്തമാക്കിയത്. കളിചിരികളിലൂടെയും കഥകളിലൂടെയും അറബി പഠിക്കുന്നത് തനിക്ക് വലിയ താല്പര്യമാണെന്ന് ഷനയ പറഞ്ഞു. ഈ ഭാഷാ നൈപുണ്യമാണ് തന്റെ ചിന്തകൾ കൃത്യമായി ഷെയ്ഖ് ഹംദാന് മുന്നിലെത്തിക്കാൻ അവളെ സഹായിച്ചത്.
ദുബൈ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി അധികൃതർ സംഘടിപ്പിച്ച ഒരു വെർച്വൽ മീറ്റിംഗിനിടയിലാണ് അപ്രതീക്ഷിതമായി ഷെയ്ഖ് ഹംദാന്റെ സന്ദേശം ഷനയയെ തേടിയെത്തിയത്. അവളുടെ കത്ത് ഷെയ്ഖ് ഹംദാൻ വായിച്ചുവെന്നും അതിന് അദ്ദേഹം നന്ദി അറിയിച്ചുവെന്നുമുള്ള വാർത്ത ഏറെ സന്തോഷത്തോടെയാണ് ഈ കൊച്ചു മിടുക്കി കേട്ടത്. തന്റെ വാക്കുകൾ ഇത്ര വേഗത്തിൽ ഭരണാധികാരികളുടെ ശ്രദ്ധയിൽപ്പെടുമെന്ന് താൻ കരുതിയിരുന്നില്ലെന്ന് ഷനയ പറഞ്ഞു.
മകളുടെ ഈ നേട്ടത്തിൽ അതിയായ സന്തോഷമുണ്ടെന്ന് ഷനയയുടെ കുടുംബം അറിയിച്ചു. ഷനയയുടെ ഈ പ്രവൃത്തി സ്കൂളിന്റെ മൂല്യങ്ങളെയാണ് ഉയർത്തിക്കാട്ടുന്നതെന്ന് അംബാസഡർ ഇന്റർനാഷണൽ അക്കാദമി പ്രിൻസിപ്പൽ ജെയിംസ് ലിഞ്ച് പറഞ്ഞു. യുഎഇ ഭരണനേതൃത്വവും ജനങ്ങളും തമ്മിലുള്ള ഗാഢമായ ബന്ധത്തിന്റെ തെളിവാണ് ഈ സംഭവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാവിയിൽ മാതൃകാപരമായ സേവനം കാഴ്ചവെക്കുന്ന ഒരു ഡോക്ടറാകണമെന്നാണ് ഷനയയുടെ ആഗ്രഹം.



