ഷാർജ– ഷാർജ കെഎംസിസിയുടെ രണ്ടാമത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക പുരസ്‌കാരം ഡോ. സുബൈർ ഹുദവി ചേകന്നൂരിന്. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ചെയർമാനും ഇ.ടി. മുഹമ്മദ് ബഷീർ എംപിയും ഡോ. എം.കെ. മുനീർ എംഎൽഎയും അംഗങ്ങളുമായ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.
ഉത്തരേന്ത്യയിലെ പിന്നാക്ക പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടത്തി വരുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് ഡോ. സുബൈർ ഹുദവിയെ പുരസ്‌കാരത്തിന് അർഹനാക്കിയത്. അറബിക്, ഇംഗ്ലിഷ്, ഉറുദു, ഹിന്ദി ഭാഷകൾ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ്, പ്രഭാഷണമേഖലയിലും അക്കാദമിക രംഗത്തുമുള്ള മികവ് തുടങ്ങിയവയും ജൂറി പരിഗണിച്ചു. നാളെ (ശനി) വൈകിട്ട് ആറിന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്യൂണിറ്റി ഹാളിൽ നടക്കുന്ന ഈദുൽ ഇത്തിഹാദ് ആഘോഷത്തിൽ അവാർഡ് സമ്മാനിക്കും. പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ, എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളാവും.



