ഷാർജ- നാൽപ്പത്തിനാലാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നവംബർ അഞ്ചിന് ഷാർജ എക്സ്‌പോ സെന്ററിൽ തുടക്കം കുറിക്കും. ‘നിങ്ങൾക്കും പുസ്തകത്തിനും ഇടയിൽ’ എന്ന പ്രമേയത്തിൽ നവംബർ 16 വരെയാണ് മേള. ഗ്രീസിനെയാണ് ഇത്തവണത്തെ അതിഥി രാജ്യമായി തിരഞ്ഞെടുത്തത്. ഗ്രീസിന്റെ പാരമ്പര്യം ആഘോഷിക്കുന്നതിനായി പുസ്തക പ്രകാശനച്ചടങ്ങുകൾ, സംവേദനാത്മക ശില്പശാലകൾ, കലാ-നാടക പ്രകടനങ്ങൾ എന്നിവ ഉൾപ്പെടുന്ന വിദ്യാഭ്യാസ, വിനോദപരിപാടികൾ വേദികളിൽ അവതരിപ്പിക്കും. അപൂർവ കൈയെഴുത്തുപ്രതികൾ, ചരിത്രരേഖകൾ, ആധുനിക സാഹിത്യകൃതികൾ എന്നിവയുടെ പ്രദർശനവും പ്രമുഖചിന്തകരുമായുള്ള സംവാദങ്ങളുമുണ്ടാകും.
12 ദിവസത്തെ മേളയിൽ ഇന്ത്യയിൽനിന്നുൾപ്പെടെ പ്രമുഖ എഴുത്തുകാർ, സ്രഷ്ടാക്കൾ, പ്രസാധകർ എന്നിവർ പങ്കെടുക്കും.
പുസ്തകങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധം വളരെ ബന്ധമുണ്ടെന്നും പരസ്പര പൂരകവുമായ യാത്രയാണെന്നും ഷാർജ ബുക്ക് അതോറിറ്റി (എസ്ബിഎ) ചെയർപേഴ്‌സൺ ശൈഖ ബൊദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു. ഇതുവഴി വായനക്കാർ പുതിയ അറിവുകൾ മാത്രമല്ല തങ്ങളെക്കുറിച്ച് പുതിയകാര്യങ്ങളും കണ്ടെത്തുന്നു. പുസ്തകങ്ങൾ സംസ്കാരങ്ങൾ തമ്മിലുള്ള പാലമായി പ്രവർത്തിച്ച് സമൂഹത്തെ കൂടുതൽ പ്രബുദ്ധമായ ഭാവിക്കായി സജ്ജമാക്കുന്നുവെന്നും അവർ കൂട്ടിചേർത്തു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സാംസ്കാരിക ദർശനത്തിന്റെ തുടർച്ചയാണ് മേളയെന്ന് ഷാർജ ബുക്ക് അതോറിറ്റി സിഇഒ അഹമ്മദ് ബിൻ റക്കാദ് അൽ അമേരി വ്യക്തമാക്കി..
മേളയ്ക്ക് മുന്നോടിയായി 14-ാമത് ഷാർജ പബ്ലിഷേഴ്‌സ് കോൺഫറൻസ് നവംബർ രണ്ടുമുതൽ നാലുവരെ നടക്കും. കൂടാതെ പുസ്തകോൽസവത്തിൻ്റെ ഭാഗമായി 12-ാമത് ഷാർജ അന്താരാഷ്ട്ര ലൈബ്രറി കോൺഫറൻസ് നവംബർ എട്ടുമുതൽ 10 വരെ നടക്കും.