ഷാർജ – 44ാം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് ഷാർജ എക്സ്പോ സെന്ററിൽ തിരിതെളിയും. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മേള ഉദ്ഘാടനം ചെയ്യും. ‘നിങ്ങളും പുസ്തകവും തമ്മിൽ’എന്നതാണ് ഇത്തവണത്തെ മേളയുടെ പ്രമേയം. ഗ്രീസാണ് അതിഥി രാജ്യം. ഈ മാസം 16 വരെ നീണ്ടുനിൽക്കുന്ന മേളയിൽ 118 രാജ്യങ്ങളിൽനിന്നുള്ള 2350 പ്രസാധകരാണ് പ്രദർശനത്തിനെത്തുന്നത്.കഴിഞ്ഞ വർഷത്തേക്കാൾ 10 രാജ്യങ്ങൾ കൂടുതലായി ഇത്തവണ മേളയിൽ പങ്കെടുക്കുന്നുണ്ട്.
66 രാജ്യങ്ങളിൽനിന്നുള്ള 251 പ്രമുഖർ നേതൃത്വം നൽകുന്ന 1200ലേറെ പരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറും. ഇതിൽ 300 സാംസ്കാരിക പരിപാടികളും 750 കുട്ടിൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള ശിൽപശാലകളും ഉൾപ്പെടും. എട്ട് ഭാഷകളിലായി സായാഹ്ന കവിത സദസ്സുകൾ ഒരുക്കുന്ന പരിപാടിയും ഇത്തവണ സംഘടിപ്പിക്കുന്നുണ്ട്.
റൈറ്റേഴ്സ് ഫോറത്തിൽ ഇത്തവണയും മലയാളികളുടേത് ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ പല സമയങ്ങളിലായി പ്രകാശനം ചെയ്യപ്പെടും. മലയാളത്തിൽനിന്ന് കവി സച്ചിദാനന്ദനും ഇ.വി സന്തോഷ് കുമാറും ഉൾപ്പെടെ ഇന്ത്യയിലെ സാഹിത്യ, ചിന്ത മേഖലകളിൽനിന്നുള്ള പ്രമുഖരും വിൽസ്മിത്ത് ഉൾപ്പെടെയുള്ള ഹോളിവുഡ് താരങ്ങളും മേളയിൽ അതിഥികളായി എത്തും. പ്രമുഖ നൈജീരിയൻ എഴുത്തുകാരി ചിമമന്ദ എൻഗോസി അഡീചീ, ഇറ്റാലിയൻ എഴുത്തുകാരൻ കാർലോ റോവല്ലി, ഐറിഷ് നേവലിസ്റ്റ് പോൾ ലിഞ്ച്, ബ്രിട്ടീഷ് സൈക്കോളജിസ്റ്റ് ഡോ. ജൂലി സ്മിത്ത് എന്നിവരടക്കം പ്രമുഖർ അന്താരാഷ്ട്ര തലത്തിൽനിന്ന് മേളയുടെ ഭാഗമാകുന്നുണ്ട്.
ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ രാവിലെ 10 മുതൽ രാത്രി 10 മണി വരെയും വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ 10 മുതൽ 11 മണിവരെയും വെള്ളിയാഴ്ച വൈകീട്ട് നാല് മുതൽ രാത്രി 11 മണി വരെയുമാണ് മേള സന്ദർശിക്കാനാകുക.



