അബുദാബി– യുഎഇയുടെ 54-ാമത് ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് അബുദാബിയിലെ ഏഴ് പള്ളികൾക്ക് രാജ്യത്തെ ഏഴ് എമിറേറ്റുകളുടെ പേര് നൽകും. ഇത് സംബന്ധിച്ച് അധികൃതർക്ക് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശം നൽകി. മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ പുതുതായി പണിത ഈ ഏഴ് പള്ളികൾ 2026 ജനുവരിയിൽ വിശ്വാസികൾക്കായി തുറന്നു കൊടുക്കും 12,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലുള്ള ഈ പള്ളികളിൽ ഏകദേശം 6,000 പേർക്ക് പ്രാർഥിക്കാനുള്ള ശേഷിയുണ്ട്.
ഇസ്ലാമിക കലകൾ, പൈതൃകം, നൂതന ആധുനിക ഡിസൈൻ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള പുതിയ വാസ്തുവിദ്യാ ശൈലി പരിഗണിച്ചാണ് പള്ളികളുടെ നിർമാണവും രൂപകൽപനയും പൂർത്തിയാക്കിയതെന്ന് ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്റ്സ് ആൻഡ് സകാത്ത് ചെയർമാൻ ഡോ. ഉമർ ഹബ്തൂർ അൽ ദെറെയ് പറഞ്ഞു. പള്ളികൾ നിർമിക്കുന്നതിലും വിശ്വാസികൾക്ക് സമാധാനപരമായി പ്രാർഥനകൾ നിർവ്വഹിക്കാൻ സൗകര്യമൊരുക്കുന്നതിലും പ്രസിഡന്റ് കാണിക്കുന്ന താൽപര്യത്തെ അൽ ദെറെയ് പ്രശംസിച്ചു. ഇത് പള്ളികളുടെ സാമൂഹിക സന്ദേശം ശക്തിപ്പെടുത്തുന്നതിനും നഗര വികസനത്തിനൊപ്പം മുന്നോട്ട് പോകുന്നതിനും സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.



