ഷാർജ: ഷാർജ അൽഖാൻ റോഡിലെ പ്രധാന വ്യാപാര സ്ഥാപനമായിരുന്ന സഫീർ മാളിന് താഴ് വീണു.അൽ നഹ്ദ, അൽ ഖാൻ മേഖലകളിൽ താമസിച്ചിരുന്നവരുടെ ഏറ്റവും പ്രധാന ഷോപ്പിങ് കേന്ദ്രമായിരുന്ന സഫീർ മാൾ സ്വദേശികളുടെയും മലയാളികൾ അടക്കമുള്ള പ്രവാസികളുടെയും പ്രിയപ്പെട്ട ഇടമായിരുന്നു. 2005-ൽ അൽ സഫീർ ഗ്രൂപ്പ്സ് നിർമിച്ച ഈ ഷോപ്പിംഗ് കേന്ദ്രം ഡിസ്കൗണ്ട് സെന്ററായി തുടങ്ങി പിന്നീട്, മാൾ ആയി ഉയരുകയായിരുന്നു. മറ്റ് എമിറേറ്റുകളിൽ ഷാർജയിലേക്ക് വരുന്നവരുടെ ലാൻ്റ് മാർക്ക് കൂടിയായിരുന്നു സഫീർ മാൾ.
1985 ലാണ് ഷാർജയിലെ ‘ഷോപ്പ് എൻ സേവ്’ സൂപ്പർമാർക്കറ്റുകളുമായി യു.എ.ഇയിൽ സഫീർ ഗ്രൂപ്പ് പ്രവർത്തനം തുടങ്ങിയത്. 1997-ൽ ഒരു ഡിസ്കൗണ്ട് മാർക്കറ്റ് ആരംഭിച്ചു, തുടർന്ന് 2000-ൽ അൽ നഹ്ദയിൽ സഫീർ മാർക്കറ്റ് തുറന്നു. 2005-ൽ ആണ് സഫീർ മാൾ തുറന്നത്.
നിലവിൽ, അജ്മാനിലും റാസൽഖൈമയിലും സഫീർ മാൾ പ്രവർത്തിക്കുന്നുണ്ട്. ഷാർജയിലും ദുബായിലും ഹൈപ്പർമാർക്കറ്റുകളും മാർട്ടുകളും ഗ്രൂപ്പിന് സ്വന്തമായുണ്ട്. ദുബായിലെ സെഞ്ച്വറി മാളും ഇതേ ഗ്രൂപ്പാണ് നടത്തുന്നത്. രണ്ട് പതിറ്റാണ്ടായി അൽ നഹ്ദയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവർക്ക് ഗൃഹാതുരമായ ഓർമകൾ സമ്മാനിച്ചാണ് സഫീർ മാൾ പൂട്ടുന്നത്.
അടച്ചുപൂട്ടലിന്റെ കാരണം ഉടമകൾ വ്യക്തമാക്കിയിട്ടില്ല.