ദുബായ്: യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ അൽ മുദൈഫ് മജ്‌ലിസിൽ എത്തിയ റോബോട്ട് കൗതുകക്കാഴ്ചയായി. യൂനിയൻ ഹൗസിൽ നടന്ന മജ്‌ലിസിൽ, പ്രമുഖരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ റോബോട്ട് പ്രത്യക്ഷപ്പെട്ടു.
ദുബായ് മീഡിയ ഓഫീസ് പുറത്തുവിട്ട വീഡിയോയിൽ, ശൈഖ് മുഹമ്മദ് കൈവീശി അഭിവാദ്യം ചെയ്യുമ്പോൾ റോബോട്ട് തിരിച്ച് കൈവീശുകയും അതിവേഗം അദ്ദേഹത്തിനടുത്തേക്ക് ഓടിച്ചെല്ലുകയും ചെയ്യുന്നു. വിശിഷ്ടാതിഥികൾ കൗതുകത്തോടെ ഈ ദൃശ്യം വീക്ഷിക്കുന്നതും വീഡിയോയിൽ കാണാം, ഇത് സോഷ്യൽ മീഡിയയിൽ വൈറലായി.
130 സെന്റിമീറ്റർ ഉയരവും 35 കിലോഗ്രാം ഭാരവുമുള്ള ‘യൂണിട്രീ G1’ റോബോട്ട് ദുബായ് ഫ്യൂച്ചർ ലാബ്സ് വികസിപ്പിച്ചതാണ്. റോബോട്ടിക്സിലും നിർമിത ബുദ്ധിയിലും (AI) അധിഷ്ഠിതമായ ഈ റോബോട്ട്, ഭാരം കുറഞ്ഞതും മനുഷ്യ ചലനങ്ങളെ അനുകരിക്കാൻ കഴിവുള്ളതുമാണ്. കഴിഞ്ഞ ആഴ്ച ദുബായ് തെരുവുകളിൽ റോബോട്ടിന്‍റെ ദൃശ്യങ്ങൾ വൈറലായിരുന്നു.
മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിൽ സന്ദർശകരെ സ്വീകരിക്കാനും ഏറ്റവും പുതിയ സാങ്കേതികവിദ്യ പരിചയപ്പെടുത്താനും ഈ റോബോട്ടിനെ ഉടൻ ഉപയോഗിക്കും. മജ്‌ലിസിൽ, ശൈഖ് മുഹമ്മദ് യു.എ.ഇ.യുടെ ഭാവി വികസന കാഴ്ചപ്പാടുകളെക്കുറിച്ച് പങ്കുവച്ചു. തുറന്ന സമീപനം, മത്സരശേഷി, സംരംഭകത്വം എന്നിവയിലൂന്നിയ വികസനമാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
യു.എ.ഇ. പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്, മന്ത്രിമാർ, ബിസിനസ് പ്രമുഖർ എന്നിവരും മജ്‌ലിസിൽ പങ്കെടുത്തു.