ദുബായ്: അടുത്തു വരുന്ന അവധി ദിനങ്ങളിലെ തിരക്ക് കണക്കിലെടുത്ത് വിമാനത്താവളത്തിനകത്ത് യാത്രക്കാർക്ക് മാത്രമായി പ്രവേശനം പരിമിതിപ്പെടുത്തി ദുബായ് അന്താരാഷ്ട്ര വിമാനത്താവള അധികൃതർ.
ബന്ധുക്കളെ യാത്രയാക്കാനെത്തുന്നവർ ചെക്ക് -ഇൻ നടപടികൾ പൂർത്തിയാക്കുന്നത് വരെ വിവിധ ടെർമിനറുകൾക്ക് സമീപം കാത്തുനിൽക്കുന്നത് വിമാനത്താവളത്തിൽനിത്യ കാഴ്ചയാണ്.
ഇത് മറ്റ് യാത്രക്കാർക്ക് സൃഷ്ടിക്കുന്ന പ്രയാസം കണക്കിലെടുത്താണ് അധികൃതർ പുതിയ നിർദ്ദേശം മുന്നോട്ടുവച്ചത് .
തിരക്കുള്ള സമയങ്ങളിൽ ഒന്ന്, മൂന്ന് ടെർമിനുകളിൽ പൊതുഗതാഗത സംവിധാനങ്ങൾക്കും എയർപോർട്ട് വാഹനങ്ങൾക്കും മാത്രമായിരിക്കും പ്രവേശനം.
പെരുന്നാൾ പ്രമാണിച്ച് ജൂൺ 15 മുതൽ 18 വരെ യുഎഇയിൽ നാല് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വൈകാതെ രാജ്യത്തെ സ്കൂളുകളും രണ്ടുമാസത്തെ വേനലവധിയും പ്രഖ്യാപിക്കും. ഇതോടെ ദുബൈ വിമാനത്താവളത്തിൽ വൻ തിരക്കാണ് അനുഭവപ്പെടുക .
ജൂൺ 12 മുതൽ 25 വരെ 37 ലക്ഷം യാത്രക്കാരെയാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്.ശരാശരി 2.64 ലക്ഷം യാത്രക്കാർ ഈ ദിവസങ്ങളിൽ വിമാനത്താവളങ്ങളിലൂടെ വന്നുപോകും.ഇതിൽ ജൂൺ 22 ആയിരിക്കും ഏറ്റവും തിരക്കേറിയ ദിവസം എന്നാണ് കണക്കുകൂട്ടൽ.
ഈ ദിവസം വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം 2.87ലക്ഷത്തിലേറെയാകുമെന്നാണ് കരുതുന്നത്. തിരക്ക് സാഹചര്യം കണക്കിലെടുത്ത് യാത്രക്കാർ നാലുമണിക്കൂർ മുമ്പ് തന്നെ വിമാനത്താവളത്തിലെത്താൻ ശ്രമിക്കണമെന്നും കുടുംബത്തോടൊപ്പം ഉള്ള 12 വയസ്സിനു മുകളിൽ കുട്ടികൾക്ക് പാസ്പോർട്ട് വെരിഫിക്കേഷൻ നടപടികൾക്ക് സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കാമെന്നും അധികൃതർ അറിയിച്ചു.