ദുബൈ– ഹുര്‍മുസ് കടലിടുക്കിലെ നിയന്ത്രണങ്ങൾ ആഗോള ഊര്‍ജ വിതരണത്തെ സങ്കീർണ്ണമാക്കുന്ന പശ്ചാത്തലത്തിൽ, ഈ സുപ്രധാന ജലപാത നിരുപാധികം തുറക്കണമെന്ന് യു.എ.ഇ ആവശ്യപ്പെട്ടു. യു.എ.ഇ വ്യവസായ-അഡ്വാന്‍സ്ഡ് ടെക്നോളജി മന്ത്രിയും അഡ്നോക് മാനേജിംഗ് ഡറക്ടറുമായ ഡോ. സുല്‍ത്താന്‍ അഹ്മദ് അല്ജാബറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹുര്‍മുസിലെ തുടര്‍ച്ചയായ നിയന്ത്രണങ്ങള്‍ ആഗോള ഊര്‍ജ വിതരണത്തെ പ്രതിസന്ധിയിലാക്കുകയും വിപണികളെ ഗുരുതരമായ അസന്തുലിതാവസ്ഥയിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വിധേയമായ ഒരു പാതയെ സ്വതന്ത്ര നാവിഗേഷനായി കണക്കാക്കാനാവില്ലെന്നും അന്താരാഷ്ട്ര നിയമം നിയന്ത്രിക്കുന്ന ഇത്തരം പ്രകൃതിദത്ത ജലപാതകളിലെ ഗതാഗതം നിയന്ത്രിക്കാന്‍ ഒരു രാജ്യത്തിനും അധികാരമില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ആഗോളതലത്തില്‍ വ്യാപാരം ചെയ്യപ്പെടുന്ന ഊര്‍ജത്തിന്റെ അഞ്ചിലൊന്നിലധികം ഹുര്‍മുസ് കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. നിലവിലെ നിയന്ത്രണങ്ങള്‍ കാരണം എണ്ണ നിറച്ച ഏകദേശം 230 കപ്പലുകള്‍ യാത്രയ്ക്കായി കാത്തിരിക്കുകയാണ്. ഇത് വിതരണ ശൃംഖലയിൽ വലിയ ബാക്ക്ലോഗ് സൃഷ്ടിക്കുന്നു. സംഘര്‍ഷത്തിന് മുമ്പ് ഹുര്‍മുസ് കടലിടുക്ക് വിട്ട ചരക്കുകള്‍ ഇപ്പോള്‍ വിപണികളില്‍ എത്തുന്നുണ്ടെങ്കിലും, പുതിയ കയറ്റുമതി വൈകുന്നത് വിതരണത്തെ കൂടുതല്‍ ദുഷ്കരമാക്കുന്നു. ഊര്‍ജ വിതരണത്തിലെ ഈ കാലതാമസം ഇതിനകം തന്നെ ആഗോളതലത്തിൽ സാമ്പത്തിക സമ്മര്‍ദത്തിന് കാരണമായിട്ടുണ്ട്. ഉയര്‍ന്ന ഊര്‍ജ ചെലവ് ഗതാഗതം, ഉല്‍പ്പാദനം, ഗാര്‍ഹിക ചെലവുകള്‍ എന്നിവയെ ബാധിക്കുന്നുണ്ട്. ഹുര്‍മുസ് വഴിയുള്ള കയറ്റുമതിയുടെ 80 ശതമാനത്തോളം ഏഷ്യന്‍ മേഖലയെ ലക്ഷ്യമിട്ടുള്ളതായതിനാൽ ഏഷ്യൻ രാജ്യങ്ങളെയാകും ഈ പ്രതിസന്ധി കൂടുതൽ പ്രയാസത്തിലാക്കുക.
അഡ്നോക് ചരക്കുകള്‍ സജ്ജമാക്കുകയും ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ പദ്ധതിയിടുകയും ചെയ്യുന്നുണ്ടെങ്കിലും, പ്രവർത്തനങ്ങൾ സുരക്ഷാ സാഹചര്യങ്ങളുമായും സമീപകാല ആക്രമണങ്ങളില്‍ ഉണ്ടായ നാശനഷ്ടങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിവില്‍, ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് ഇറാനെ ഉത്തരവാദിയാക്കണമെന്ന് യു.എ.ഇ ആവര്‍ത്തിച്ചു. ഊര്‍ജ വിപണികളെയും ആഗോള സമ്പദ്വ്യവസ്ഥയെയും സ്ഥിരപ്പെടുത്തുന്നതിന് ഹുര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം വേഗത്തില്‍ പുനഃസ്ഥാപിക്കേണ്ടത് അനിവാര്യമാണ്. ഭാഗികമായ ആക്സസോ താല്‍ക്കാലിക നടപടികളോ അല്ല, മറിച്ച് പൂര്‍ണ്ണവും വിശ്വസനീയവുമായ വിതരണമാണ് ആവശ്യമെന്നും ആഗോള വാണിജ്യത്തിന്റെ മൂലക്കല്ലായ നാവിഗേഷന്‍ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും ഡോ. സുല്‍ത്താന്‍ അഹ്മദ് അല്‍ജാബര്‍ കൂട്ടിച്ചേര്‍ത്തു.



