ദുബായ് : ദുബായ് ഗവ.മീഡിയ ഓഫിസ് ക്രിയേറ്റീവ് വിഭാഗം സംഘടിപ്പിക്കുന്ന രണ്ടാമത് ‘റമദാൻ ഇൻ ദുബായ്’ ക്യാംപെയിന് തുടക്കമായി. ദുബായിലെ നിരവധി സർക്കാർ, അർധ സർക്കാർ, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടെ നടത്തുന്ന ക്യാംപെയ്ൻ ദുബായ് രണ്ടാം ഉപ ഭരണാധികാരിയും ദുബായ് മീഡിയ കൗൺസിൽ (ഡിഎംസി) ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിർദ്ദേശങ്ങൾക്കും രക്ഷാകർതൃത്വത്തിനും കീഴിലാണ് നടക്കുന്നത്.
നഗരത്തിൻ്റെ മനോഹര അന്തരീക്ഷം പ്രദർശിപ്പിക്കാനും റമദാനിൻ്റെ യഥാർഥ സത്ത പകർത്താനും ലക്ഷ്യമിടുന്ന ക്യാംപെയിനിൽ എല്ലാ പ്രായക്കാർക്കും ആസ്വദിക്കാവുന്ന പരിപാടികളായിരിക്കും നടത്തുകയെന്ന് ദുബായ് മീഡിയ കൗൺസിൽ വൈസ് ചെയർപേഴ്‌സണും മാനേജിങ് ഡയറക്‌ടറും ദുബായ് ഗവൺമെൻ്റ് മീഡിയ ഓഫിസ് ഡയറക്ടർ ജനറലുമായ മോന അൽ മർറി പറഞ്ഞു.