ദുബൈ – അല്‍ഐനിലെ സ്‌കൂളില്‍ സഹപാഠികളെ റാഗ് ചെയ്തത വിദ്യാർഥികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് 65,000 ദിര്‍ഹം പിഴ ചുമത്തി അല്‍ഐന്‍ കോടതി. സഹപാഠികളെ റാഗ് ചെയ്യല്‍, ആക്രമിക്കല്‍, ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പകര്‍ത്തല്‍ എന്നീ കുറ്റങ്ങള്‍ വിദ്യാർഥികൾ ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് രക്ഷകര്‍ത്താക്കള്‍ 65,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടത്. രണ്ടു കേസുകളിലായാണ് രക്ഷകര്‍ത്താക്കള്‍ക്ക് കോടതി പിഴകള്‍ ചുമത്തിയത്. കുട്ടികളുടെ പ്രവൃത്തികള്‍ക്ക് രക്ഷിതാക്കള്‍ നിയമപരമായ ഉത്തരവാദിത്തം വഹിക്കുന്നതായി കോടതി പറഞ്ഞു. യു.എ.ഇ സിവില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 313 അടിസ്ഥാനമാക്കിയാണ് അല്‍ഐന്‍ സിവില്‍, കൊമേഴ്സ്യല്‍, അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതി വിധി പുറപ്പെടുവിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് ഈ വകുപ്പ് മാതാപിതാക്കളെ ഉത്തരവാദികളാക്കുന്നു. വീട്ടില്‍ നിന്നാണ് അച്ചടക്കം ആരംഭിക്കുന്നതെന്നും മാതാപിതാക്കളുടെ അശ്രദ്ധ സ്‌കൂളുകളിലെ ദോഷകരമായ പെരുമാറ്റത്തിന് നേരിട്ട് കാരണമാകുമെന്നും കോടതി പറഞ്ഞു.
ആദ്യ കേസില്‍, തന്റെ രണ്ട് ആണ്‍മക്കള്‍ സ്‌കൂള്‍ പരിസരത്തു വെച്ച് സഹപാഠിയെ റാഗ് ചെയ്യുകയും ശാരീരികമായി ആക്രമിക്കുകയും പീഡനത്തിന്റെ വീഡിയോകള്‍ പകര്‍ത്തുകയും ചെയ്തതിന് പിതാവ് 30,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.
മറ്റൊരു കേസില്‍ മക്കള്‍ മറ്റൊരു വിദ്യാര്‍ഥിയെ മൂര്‍ച്ചയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേല്‍പിച്ചതിനെ തുടര്‍ന്ന് ഏതാനും രക്ഷിതാക്കള്‍ 35,000 ദിര്‍ഹം സംയുക്തമായി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. വിദ്യാര്‍ഥികള്‍ക്കെതിരായ ക്രിമിനല്‍ കുറ്റങ്ങള്‍ അപ്പീലില്‍ ശരിവെച്ചു. അത്തരം അക്രമ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിലും തടയുന്നതിലും അവരുടെ രക്ഷിതാക്കള്‍ അശ്രദ്ധ കാണിച്ചതായി സിവില്‍ കോടതി കണ്ടെത്തി. ആക്രമണത്തിന് ശേഷം ദിവസങ്ങളോളം സാധാരണ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാത്തതിനാല്‍ ഇര നേരിട്ട ശാരീരിക മുറിവുകള്‍ക്കും വൈകാരിക ആഘാതത്തിനുമാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്.
സ്‌കൂളുകളിലെ അക്രമം ചെറുക്കുന്നതില്‍ രക്ഷാകര്‍തൃ ഉത്തരവാദിത്തം പ്രധാനമാണെന്ന കാര്യത്തില്‍ യു.എ.ഇയില്‍ വളര്‍ന്നുവരുന്ന ജുഡീഷ്യല്‍ നിലപാടിന് ഈ വിധികള്‍ അടിവരയിടുന്നു. റാഗിംഗുകള്‍ തടയുന്നതിലെ ഉത്തരവാദിത്തം സ്‌കൂളുകളില്‍ മാത്രമല്ല, ക്ലാസ് മുറികളിലും കളിസ്ഥലങ്ങളിലും അക്രമ പെരുമാറ്റത്തിലേക്ക് മാറുന്നതിന് മുമ്പ് അച്ചടക്കം വളര്‍ത്തേണ്ട ചുമതല കുടുംബങ്ങള്‍ക്കുണ്ടെന്ന് കോടതി ആവര്‍ത്തിച്ചു.



