ദുബൈ– കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ സർവീസ് പോർട്ടൽ വഴി പ്രവാസി വോട്ടർ രജിസ്ട്രേഷന് (ഫോം 6A) ശ്രമിക്കുന്ന ഇന്ത്യക്കാർ കടുത്ത സാങ്കേതിക തടസ്സങ്ങൾ നേരിടുന്നതായി പരാതി. ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വോട്ടർ രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്കിൽ എത്തുന്ന അപേക്ഷകരാണ് ഈ ദുരനുഭവങ്ങൾ പങ്കുവെക്കുന്നത്.
അപേക്ഷയുടെ അവസാന ഘട്ടത്തിൽ “Something went wrong” എന്ന പിശക് സന്ദേശം കാണിക്കുകയും രജിസ്ട്രേഷൻ തടസ്സപ്പെടുകയും ചെയ്യുന്നു, രണ്ട് അക്ഷരങ്ങളിൽ തുടങ്ങുന്ന (ഉദാഹരണത്തിന്: EE909090) പുതിയ സീരീസിലുള്ള പാസ്‌പോർട്ട് നമ്പറുകൾ സിസ്റ്റം സ്വീകരിക്കുന്നില്ല,
ആവശ്യമായ രേഖകൾ കൃത്യമായി അപ്‌ലോഡ് ചെയ്താലും “ഡോക്യുമെന്റ്സ് ലഭ്യമല്ല” (Record not found) എന്ന സ്റ്റാറ്റസ് കാണിക്കുന്നു, ഇന്ത്യക്ക് പുറത്ത് ജനിച്ച പ്രവാസികൾക്ക് ജനനസ്ഥലം രേഖപ്പെടുത്താൻ പോർട്ടലിൽ ഓപ്ഷനില്ല. അപേക്ഷ പൂർത്തിയാക്കാൻ ഇത് പലർക്കും തടസ്സമാകുന്നു, ശരിയായ വോട്ടർ പട്ടിക കണ്ടെത്താൻ സഹായിക്കുന്ന ബൂത്ത് നമ്പർ, സീരിയൽ നമ്പർ എന്നിവ നൽകാൻ പോർട്ടലിൽ സൗകര്യമില്ല, വോട്ടർ രജിസ്ട്രേഷനുള്ള ECINET മൊബൈൽ ആപ്പ് ഇന്ത്യക്ക് പുറത്ത് പ്രവർത്തിക്കുന്നില്ല. തുടങ്ങിയവായാണ് പ്രവാസികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് അടിയന്തര പരിഹാരത്തിന് ശ്രമം ആരംഭിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ കെഎംസിസി ഘടകങ്ങളുമായി നിരന്തരം ആശയവിനിമയം നടത്തിവരികയാണെന്നും ആവശ്യമായ നിയമപരവും രാഷ്ട്രീയവുമായ ഇടപെടലുകൾ നടത്തുന്നുണ്ടെന്നും കെഎംസിസി അറിയിച്ചു.
ദുബൈ കെഎംസിസി ഓഫീസിൽ സയ്യിദ് ജലീൽ മഷ്ഹൂർ തങ്ങൾ, അഡ്വ. അബ്‌ദുസമദ് എറണാകുളം, സിദ്ദീഖ് കാലൊടി, മൊയ്തു മക്കിയാട്, മുഹമ്മദ് ഹുസൈൻ കോട്ടയം, മുനീർ ബേരിക്ക, ഷിബു കാസിം, നബീൽ നാരങ്ങോളി എന്നിവരുടെ നേതൃത്വത്തിലാണ് ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നത്. എല്ലാം ദിവസവും ഇവരുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നുണ്ട്. സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് പ്രവാസികളുടെ വോട്ടവകാശം ഉറപ്പാക്കാൻ അധികൃതർ ഉടൻ തയ്യാറാവണമെന്ന് ദുബൈ കെഎംസിസി വൈസ് പ്രസിഡന്റ് ഇസ്മായിൽ ഏറാമല ആവശ്യപ്പെട്ടു.



