ഷാർജ– ഇടതുപക്ഷം കൂടി ഹിന്ദുത്വ വഴിയിലേക്ക് നീങ്ങരുതെന്ന് കവിയും സാഹിത്യഅക്കാദമി പ്രസിഡന്റുമായ കെ. സച്ചിദാനന്ദൻ. അതുകൊണ്ടാണ് പിഎം ശ്രീ പദ്ധതിയെ എതിർത്തത്. മരണംവരെ താൻ ഹിന്ദുത്വരാഷ്ട്രീയത്തിന് എതിരായിരിക്കുമെന്നും അദ്ദേഹം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പറഞ്ഞു.
ഭരണത്തിൽ ശരിയല്ലെന്ന് തോന്നുന്നത് പറയുകതന്നെചെയ്യും.ഭരണപക്ഷം പ്രതീക്ഷിക്കുന്നപോലെ പെരുമാറാൻ പറ്റിയെന്നു വരില്ലെന്നും സാഹിത്യഅക്കാദമി പ്രസിഡന്റായിരിക്കണമെന്ന് യാതൊരു ആഗ്രഹവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യമായിട്ടായിരിക്കും ഒരു സാഹിത്യഅക്കാദമി പ്രസിഡന്റ് ഇത്തരത്തിൽ പ്രതികരിക്കുന്നത്. ഇതുപോലെ ഭ്രാന്തനായ ഒരാളെ പ്രസിഡന്റാക്കരുതായിരുന്നു. താൻ പറയുന്നത് പലതും പാർട്ടിക്ക് വിരുദ്ധമാകാം. അടിസ്ഥാനപരമായി താൻ വലതുപക്ഷ ആശയങ്ങൾക്കും ഹിന്ദുത്വ ഇന്ത്യ എന്ന സങ്കൽപ്പത്തിനും എതിരാണ്. മരിക്കുന്നതുവരെ എതിരായിരിക്കും.ഇടതുപക്ഷംകൂടി ആ നിലപാടിലേക്ക് നീങ്ങിയാൽ നമ്മുടെ പ്രതീക്ഷകൾ മങ്ങും. അതുകൊണ്ടാണ് സർക്കാരിനെ പലപ്പോഴും ചോദ്യംചെയ്യേണ്ടി വരുന്നതെന്നും സച്ചിദാനന്ദൻ ചൂണ്ടികാട്ടി. എന്തിനാണ് ഇത്തരത്തിൽ സന്ധി ചേരുന്നത്, പണത്തിനുവേണ്ടി എന്തും ചെയ്യാമോ തുടങ്ങി രാഷ്ട്രീയത്തിനുമപ്പുറം ചോദ്യങ്ങൾ സമൂഹത്തിൽനിന്ന് ഉയരേണ്ടതുണ്ടെന്നും സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു.



