ഷാർജ – കവിയും സാംസ്കാരിക പ്രവർത്തകനുമായ കണ്ണൂർ അഴീക്കോട് സ്വദേശി ബാലചന്ദ്രൻ തെക്കന്മാർ (75) ഷാർജയിൽ നിര്യാതനായി. ഷാർജയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
1974 – മുതൽ ഷാർജയിലുള്ള ബാലചന്ദ്രൻ, ഷാർജ അൽ സഹിയയിൽ സ്വന്തമായി വീട് വാങ്ങി താമസിക്കുകയായിരുന്നു. ഷാര്‍ജ റൂളേഴ്സ് ഓഫീസിലെ ഉദ്യോഗസ്ഥനായിരുന്നു. അര നൂറ്റാണ്ടോളമായി ഷാർജ ഭരണാധികാരിയുടെ ഓഫീസ് ജീവനക്കാരനാണ്.
ഓഫീസിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം റൂളേഴ്സ് ഓഫീസ് ഡയറക്ടർ ജനറലിൻറെ സെക്രട്ടറിയായും, ചെയർമാൻറെ സെക്രട്ടറിയായും ഷാർജ ഭരണാധികാരിയുടെ ഗവേഷണ പ്രവർത്തനങ്ങളുടെ കോഡിനേറ്ററായും സേവനം ചെയ്തു. ഷാര്‍ജയിലെ പ്രമുഖ മലയാളി സാംസ്കാരിക പ്രവർത്തകനായ അദ്ദേഹം ഇന്ത്യൻ അസോസിയേഷൻ ഷാര്‍ജയുടെ സ്ഥാപക നേതാക്കളിലൊരാളായിരുന്നു.
മൈലപ്പുറത്ത് കുഞ്ഞിരാമൻ നായരുടെയും തെക്കൻമാർവീട്ടിൽ അമ്മുക്കുട്ടിയുടെയും മകനാണ്. ഭാര്യ: പ്രേമജ. മക്കൾ: സുഭാഷ് (ഓസ്‌ട്രേലിയ), ഡോ.സജിത (ഷാർജ). സഹോദരങ്ങൾ: രാധാകൃഷ്ണൻ, ഗോപിനാഥൻ, പ്രേമവല്ലി, സാവിത്രി, പരേതരായ പ്രഭാകരൻ നായർ, ജനാർദ്ദനൻ നായർ, മുകുന്ദൻ നായർ, പുരുഷോത്തമൻ നായർ. വിദേശത്ത് നിന്നും മകനെത്തിയ ശേഷം മൃതദേഹം ഷാര്‍ജയിൽ സംസ്കരിക്കും.