ദുബായ്: വിനോദസഞ്ചാരികളും താമസക്കാരും ഏറ്റവുംകൂടുതലായെത്തുന്ന ദുബായ് മാൾ കേന്ദ്രീകരിച്ച് പോക്കറ്റടിനടത്തിയ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു. മാളിൽ മോഷണശ്രമങ്ങൾ വർധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനാലാണ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് പോലീസ് അന്വേഷണം നടത്തിയതെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.
ദുബൈ മാളിലെ ഡാൻസിങ് ഫൗണ്ടയ്ൻ ഭാഗത്ത്, ഷോ കാണാനെന്ന വ്യാജേന എത്തിയശേഷം നാലുപേരും ചേർന്ന് മോഷണം നടത്തുമ്പോഴാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. സന്ദർശകരുടെ പണവും മൊബൈൽ ഫോണുമെല്ലാം ഇവർ മോഷ്ടിച്ചതായി അന്വേഷണസംഘത്തിന് മനസ്സിലായി.
23-നും 54-നും ഇടയിൽ പ്രായമുള്ളവരാണ് അറസ്റ്റിലായ പ്രതികൾ. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഒരുമാസം തടവിനും ശേഷം നാടുകടത്താനും ഉത്തരവിട്ടതായി പത്രം റിപ്പോർട്ട്ചെയ്തു.