അബൂദാബി – ഡ്രൈവിംഗ് ലൈസൻസിലെ ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കുന്നതിനുള്ള പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് അബൂദാബി പൊലീസ്. കഴിഞ്ഞ ദിവസം നടന്ന അബൂദാബി രാജ്യാന്തര ഹണ്ടിങ്, കുതിരയോട്ട പ്രദർശനമായ അഡിഹെക്സിലാണ് പൊലീസ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്.
ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കുന്നതിനുള്ള രണ്ട് പുതിയ പദ്ധതികളാണ് തുടങ്ങുന്നത്. ഓഗസ്റ്റ് 30 മുതൽ ആരംഭിച്ച വർക്ക്‌ഷോപ്പുകളും കോഴ്‌സുകളും സെപ്റ്റംബർ 7 വരെ ഹാൾ 12 ൽ നടക്കുമെന്ന് പോലീസ് സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചിരുന്നു.
24 ബ്ലാക്ക് പോയിന്റുകൾ ഉള്ളവർ 2,400 ദിർഹം അടച്ച് രജിസ്റ്റർ ചെയ്യുകയും ഗതാഗത നിയമലംഘകർക്കുള്ള പ്രത്യേക പുനരധിവാസ കോഴ്സിൽ പങ്കെടുക്കുകയും ചെയ്യുന്നതോടെ അവരുടെ ലൈസൻസ് തിരികെ ലഭിക്കും.
8 മുതൽ 23 വരെ ബ്ലാക്ക് പോയിന്റുകൾ ഉള്ളവർക്ക് 800 ദിർഹം അടച്ച് രജിസ്റ്റർ ചെയ്യുകയും കോഴ്സിൽ പങ്കെടുക്കുകയും ചെയ്യുന്നത് വഴി 8 ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കാം. റോഡ് സുരക്ഷയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അബൂദാബി പൊലീസിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി.