അബുദാബി: ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ശക്തമായ നിലപാട് വിദേശ രാജ്യങ്ങളുമായി പങ്കുവയ്ക്കുന്നതിനായി എത്തിയ ഇന്ത്യൻ പ്രതിനിധി സംഘം യുഎഇയിൽ ഉന്നതതല ചർച്ചകൾ ആരംഭിച്ചു.
ശ്രീകാന്ത് ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തിൽ കേരളത്തിൽ നിന്നുള്ള എം.പി. ഇ.ടി. മുഹമ്മദ് ബഷീർ, പാർലമെന്റ് അംഗങ്ങളായ ബാൻസുരി സ്വരാജ്, അതുൽ ഗാർഗ്, സാംസിത് പത്ര, മനൻകുമാർ മിശ്ര, മുൻ പാർലമെന്റ് അംഗം എസ്.എസ്. അഹ്‌ലുവാലിയ, മുൻ അംബാസഡർ സുജൻ ചിനോയ് എന്നിവർ ഉൾപ്പെടുന്നു.
വ്യാഴാഴ്ച പുലർച്ചെ അബുദാബിയിലെത്തിയ സംഘത്തെ യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറും യുഎഇ ഫെഡറൽ നാഷണൽ കൗൺസിൽ അംഗം അഹ്‌മദ് മിർ ഖൗറിയും ചേർന്ന് സ്വീകരിച്ചു. ഇന്ന് രാവിലെ യുഎഇ സഹിഷ്ണുതാ മന്ത്രി നഹ്‌യാൻ ബിൻ മുബാറകുമായി സംഘം കൂടിക്കാഴ്ച നടത്തി. യുഎഇ ഫെഡറൽ നാഷണൽ കൗൺസിലിലെ പ്രതിരോധ, ആഭ്യന്തര, വിദേശകാര്യ കമ്മിറ്റി ചെയർമാൻ ഡോ. അലി റാശിദ് അൽ നുഐമി, നാഷണൽ മീഡിയ ഓഫീസ് ഡയറക്ടർ ജനറൽ ഡോ. ജമാൽ അൽ കഅബി എന്നിവരുമായും ഫലപ്രദമായ ചർച്ചകൾ നടന്നു.
ഭീകരതയെയും തീവ്രവാദത്തെയും നേരിടുന്നതിൽ മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ച് ഇരു കൂട്ടരും വിശദമായി ചർച്ച ചെയ്തു. ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്തുന്നതിനും ഭീകരവാദ വിരുദ്ധ പോരാട്ടത്തിൽ പരസ്പര സഹകരണം വർധിപ്പിക്കുന്നതിനും ഈ കൂടിക്കാഴ്ചകൾ ലക്ഷ്യമിടുന്നു.
സംഘം വെള്ളിയാഴ്ചയും യുഎഇയിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചകൾ തുടരും. ഈ സുപ്രധാന ദൗത്യം ഇന്ത്യയുടെ ഭീകരവാദ വിരുദ്ധ നിലപാട് അന്താരാഷ്ട്ര തലത്തിൽ ശക്തമാക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണ്.