അബുദാബി: അന്താരാഷ്‌ട്ര നഴ്സസ് ദിനത്തിനു മുന്നോടിയായുള്ള ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ നഴ്‌സുമാർക്ക് അപ്രതീക്ഷിത സമ്മാനങ്ങൾ നൽകി യു.എ.ഇയിലെ പ്രമുഖ ആരോഗ്യസേവന ദാതാവായ ബുർജീൽ ഹോൾഡിങ്സ്. തെരഞ്ഞെടുക്കപ്പെട്ട നാല് മലയാളി നഴ്‌സുമാരുൾപ്പെടെ പത്ത് പേർക്ക് ടൊയോട്ട RAV4 കാർ സമ്മാനിച്ചാണ് ബുർജീൽ ഹോൾഡിങ്സ് നഴ്സസ് ദിനത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങൾക്ക് തുടക്കമിട്ടത്.
ഗ്രൂപ്പിന്റെ ആശുപത്രികളിലും മെഡിക്കൽ സെന്‍ററുകളിലും മികച്ച പ്രകടനം കാഴ്ച വച്ച നഴ്സുമാരെ ആദരിക്കുന്നതിനായി നടത്തിയ ഡ്രൈവിങ് ഫോഴ്സ് അവാർഡ്സിലാണ് ഇരുപത്തിയാറ് ലക്ഷം രൂപ വീതം മൂല്യമുള്ള കാറുകൾ സമ്മാനമായി നൽകിയത്. വിജയികളിൽ നാല് മലയാളികളുൾപ്പടെ ആറ് ഇന്ത്യക്കാരുണ്ട്. ബാക്കിയുള്ളവർ ഫിലിപ്പൈൻസ്, ജോർദാൻ, ഈജിപ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.

അനി എം. ജോസ്, അർച്ചന കുമാരി, സിബി മാത്യു, വിഷ്ണു പ്രസാദ് എന്നിവരാണ് സമ്മാനിതരായ മലയാളികൾ. തമിഴ്‌നാട് സ്വദേശികളായ പ്രിയങ്ക ദേവിയും നബീൽ ഇക്‌ബാലുമാണ് പുരസ്കാരം നേടിയ മറ്റ് ഇന്ത്യക്കാർ.
അബുദാബിയിൽ നടത്തിയ പ്രത്യേക ചടങ്ങിൽ ബുർജീൽ ഹോൾഡിങ്‌സ് ഗ്രൂപ്പ് സിഇഒ ജോൺ സുനിലും ഗ്രൂപ്പ് കോ-സിഇഒ സഫീർ അഹമ്മദും വിജയികൾക്ക് താക്കോൽ കൈമാറി. ”യഥാർഥ നഴ്സിങ് മികവ് അളക്കാനാവില്ല. ഇത്തരം വിലമതിക്കാനാവാത്ത സേവനങ്ങൾക്കുള്ള അംഗീകാരമാണ് ഡ്രൈവിങ് ഫോഴ്സ് അവാർഡ്” ജോൺ സുനിൽ പറഞ്ഞു.
ബുർജീൽ യൂണിറ്റുകളിലുടനീളംമാസങ്ങൾ നീണ്ട വിലയിരുത്തലുകൾക്ക് ശേഷമാണ് ജൂറി വിജയികളെ തിരഞ്ഞെടുത്തത്. നഴ്സുമാരുടെ പ്രകടനം, കമ്മ്യൂണിറ്റി സേവനം, രോഗികളുടെ ജീവിതത്തിൽ ഉണ്ടാക്കിയ സ്വാധീനം എന്നിവ അവലോകനം ചെയ്താണ് അന്തിമവിജയികളെ തീരുമാനിച്ചത്. വരും ദിനങ്ങളിൽ ബുർജീലിന്‍റെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്ന 100 നഴ്സുമാർക്ക് പ്രത്യേക ക്യാഷ് അവാർഡുകളും നൽകും.