അബൂദാബി – നാലു പതിറ്റാണ്ടിലേറെയായി അബൂദാബിയുടെ മണ്ണിൽ തൻ്റെ ജീവിതവും കരിയറും അടയാളപ്പെടുത്തിയ തൃശൂർ പെരിമ്പിലാവ് സ്വദേശി നൗഷാദ് സത്താർ (63), 45 വർഷത്തെ ധന്യമായ പ്രവാസ ജീവിതത്തിന് ശേഷം വിരമിക്കുമ്പോൾ, അതൊരു വ്യക്തിയുടെ മാത്രം യാത്രയുടെ അവസാനമല്ല, ഒരു തലമുറയുടെ പ്രവാസാനുഭവത്തിൻ്റെ പരിസമാപ്തി കൂടിയാണ്.
1980 ൽ 18ാം വയസ്സിൽ പിതാവ് പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകനും രചയിതാവും സംഗീതജ്ഞനുമായ കെ. ജി സത്താറിൻ്റെ ഉടമസ്ഥതയിലുള്ള കാസറ്റ് കടയിൽ നിന്നായിരുന്നു നൗഷാദിൻ്റെ അബൂദാബിയിലെ ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. അബൂദാബി സൂക്കിലേയും എയർപോർട്ട് റോഡിലേയും കടകളിൽ ഏറെ കാലം ജോലി ചെയ്തു. ഇക്കാലയളവിൽ പ്രശസ്തരായ നിരവധി പേരുമായി ബന്ധം പുലർത്താനായത് നൗഷാദ് ഇന്നും ഓർക്കുന്നു. എം.എ യൂസഫലിയും, മമ്മൂട്ടിയും ഗായകരായ യേശുദാസും, എം.ജി ശ്രീകുമാറും, വി.എം കുട്ടിയും എ.വി.യും മാർക്കോസുംമെല്ലാം “കെ.ജി സത്താർ മ്യൂസിക് സെൻ്ററി”ലെ സന്ദർശകരായിരുന്നു.
ഡിജിറ്റൽ യുഗത്തിന് മുമ്പ് സംഗീതവും സിനിമയും കാസറ്റുകളിലൂടെ മാത്രം ഒഴുകിയെത്തിയ ആ കാലഘട്ടം പ്രവാസികൾക്ക് ഒരു വലിയ ഓർമ്മയാണ്. ആ പൈതൃകത്തിൻ്റെ ഭാഗമായി പ്രവർത്തിച്ച അദ്ദേഹം, പിന്നീട് റിയൽ എസ്റ്റേറ്റ്, റെസ്റ്റോറൻ്റ് ബിസിനസ്സുകളിലക്ക് തിരിഞ്ഞെങ്കിലും വേണ്ട രീതിയിൽ വിജയം കണ്ടെത്താനയില്ല. പിന്നിടങ്ങോട്ട് ഹോസ്പിറ്റൽ ജോലിയിലാണ് നൗഷാദിൻ്റെ പ്രവാസ ജീവിതത്തിലെ വലിയൊരു ഭാഗം. 2006 ൽ അബൂദാബി അൽ നൂർ ഹോസ്പിറ്റലിൽ ഡ്രൈവറായും പിന്നീട് മെഡിക്ലിനിക്കിൽ ആംബുലൻസ് ഡ്രൈവറായുമാണ് ജോലി ചെയ്തിരുന്ന അദ്ദേഹം, സഹായവും സാന്ത്വനവുമായി ആയിരക്കണക്കിന് ആളുകൾക്ക് താങ്ങും തണലുമായി.


ഒരു വ്യക്തിഗത കച്ചവട സ്ഥാപനത്തിൽ നിന്ന് പൊതുജനങ്ങളുമായി നേരിട്ട് ഇടപെഴകുന്ന ആതുരസേവന മേഖലയിലേക്കുള്ള ഈ മാറ്റം, നൗഷാദിൻ്റെ സേവന മനോഭാവത്തെയാണ് എടുത്തു കാണിക്കുന്നത്. ഇക്കാലയളവിൽ, ഒരു കൊച്ചു നഗരത്തിൽ നിന്ന് ലോകോത്തര മെട്രോപോളിസായി അബൂദാബി രൂപാന്തരപ്പെടുന്നത് അദ്ദേഹം കൺമുന്നിൽ കണ്ടു. വർഷങ്ങളോളം പ്രവാസ ജീവിതം നയിച്ച ശേഷം വിരമിക്കുമ്പോൾ സ്വന്തം നാട്ടിലേക്ക് മടങ്ങുക എന്ന പതിവ് രീതിയെ തിരുത്തിക്കുറിച്ചുകൊണ്ട്, നൗഷാദ് സത്താർ കുടുംബത്തോടൊപ്പം യുഎഇയിൽത്തന്നെ തുടരുന്നു. യുഎഇയുടെ 10 വർഷത്തെ ഗോൾഡൻ വിസയാണ് ഈ സുപ്രധാന തീരുമാനത്തിന് അദ്ദേഹത്തിന് കരുത്തായത്. കോവിഡ് മഹാമാരിയുടെ കാലത്ത് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരിൽ ചിലർക്ക് യുഎഇ സർക്കാർ നൽകിയ ഗോൾഡൺ വിസ ലഭിച്ചവരിൽ നൗഷാദും ഉൾപ്പെട്ടിരുന്നു. സാധാരണ പ്രവാസികൾ വിരമിക്കൽ കാലം സ്വന്തം രാജ്യത്ത് ചെലവഴിക്കാൻ തീരുമാനിക്കുമ്പോൾ, ഗോൾഡൻ വിസയുടെ സുരക്ഷിതത്വവും അബൂദാബിയോടുള്ള വൈകാരിക ബന്ധവും അദ്ദേഹത്തെ ഇവിടെത്തന്നെ പിടിച്ചുനിർത്തുകയായിരുന്നു.
നൗഷാദ് സത്താറിൻ്റെ വാക്കുകളിൽ: “ഇതൊരു രണ്ടാം വീടാണ്. എൻ്റെ കരിയർ ഇവിടെയാണ് വളർന്നത്, എൻ്റെ കുടുംബവും മക്കളുടെ വിദ്യാഭ്യാസവുമെല്ലാം നല്ല രീതിയിലായതിൽ ഈ നാട് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. വിരമിച്ച ശേഷം ഉടൻ നാട്ടിലേക്ക് പോകണമെന്ന പഴയ ചിന്തകളെല്ലാം ഗോൾഡൻ വിസ ഇല്ലാതാക്കി. ഈ വിസയുള്ളതിനാൽ, എപ്പോൾ വേണമെങ്കിലും വരാനും പോകാനും കുടുംബ കാര്യങ്ങളിൽ ശ്രദ്ധിക്കാനും ഞങ്ങൾക്ക് കഴിയുന്നു. യുഎഇ നൽകുന്ന സുരക്ഷിതത്വവും മികച്ച ജീവിതനിലവാരവും കുടുംബത്തിന് പ്രധാനമാണ്.”


വിരമിച്ച ശേഷവും രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക മേഖലകളിൽ മികച്ച സംഭാവനകൾ നൽകാൻ കഴിവുള്ള പ്രൊഫഷണലുകളെയും നിക്ഷേപകരെയും ഇവിടെത്തന്നെ നിലനിർത്താൻ യുഎഇ ലക്ഷ്യമിടുന്ന ഗോൾഡൻ വിസ പദ്ധതിയുടെ വിജയകരമായ ഉദാഹരണമാണ് നൗഷാദ് സത്താറിൻ്റെ തീരുമാനം. പരേതയായ മറിയുമ്മയാണ് മാതാവ്. സുമയ്യ ഭാര്യയും ഗൽ മുഹമ്മദ് അനസ്, സമീന അമീറ എന്നിവർ മക്കളുമാണ്. അബൂദാബിയിലെ പ്രമുഖ സാംസ്കാരിക, സാമൂഹിക കൂട്ടായ്മകളിലും സജീവമായിരുന്ന അദ്ദേഹം, ഇനി മുതൽ കുടുംബ ബിസിനസ്സുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സാമൂഹ്യസേവന പ്രവർത്തനങ്ങൾക്കായി സമയം കണ്ടെത്താനും ആസൂത്രണം ചെയ്യുന്നു. വിരമിക്കലിനുശേഷവും തങ്ങളുടെ പ്രിയപ്പെട്ട രാജ്യമായ യുഎഇയിൽ തുടരാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് നൗഷാദ് സത്താറും കുടുംബവും.



