ഷാർജ: യു.എ.ഇ. പ്രഖ്യാപിച്ച പൊതുമാപ്പിലൂടെ നാട്ടിലേക്കു മടങ്ങുന്ന താമസരേഖയില്ലാത്തവർക്ക് തിരിച്ചുവരാൻ വിലക്കില്ല. ഔട്ട്പാസിൽപ്പോകുന്നവർക്ക് യാത്രരേഖകൾ ശരിപ്പെടുത്തി നിയമാനുസൃതം വീണ്ടും അവർക്ക് യുഎഇ ലേക്ക് തിരിച്ച് വരാനുള്ള അവസരമണ്ടാകും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്‌സ് സെക്യൂരിറ്റി ഉദ്യോഗസ്ഥരായ ഡോ. ഒമർ അൽ ഒവൈസ്, മേജർ ജനറൽ അസീം സുവൈദി എന്നിവർ അറിയിച്ചതാണിത്. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികളുമായുള്ള ചർച്ചയിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.
താമസരേഖകളില്ലാതെ യു.എ.ഇ.യിൽക്കഴിയുന്ന വിദേശികൾക്ക് സെപ്റ്റംബർ ഒന്നുമുതൽ രണ്ടുമാസത്തേക്കാണ് പിഴയില്ലാതെ നാട്ടിൽപ്പോകാൻ അവസരമുള്ളത്. സന്ദർശക വിസാ കാലാവധി കഴിഞ്ഞ് രാജ്യത്തുതുടരുന്നവർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. പൊതുമാപ്പ് സംബന്ധിച്ച അപേക്ഷകൾ ഇമിഗ്രേഷൻ അംഗീകൃത ടൈപ്പിങ് കേന്ദ്രങ്ങൾ വഴി സെപ്റ്റംബർ ആദ്യംമുതൽ ഇളവ് അനുവദിച്ചുകിട്ടാനുള്ള രേഖകൾ ശരിയാക്കാം.
എന്നാൽ, യു.എ.ഇ.യിൽ സിവിൽ, ലേബർ, കൊമേഴ്സ്യൽ കേസുകളിലുൾപ്പെട്ടവർക്ക് നിയമനടപടികൾ പൂർത്തിയാക്കിമാത്രമേ തിരിച്ചുപോകാൻ സാധിക്കുകയുള്ളൂ. യു.എ.ഇ.യിൽ താമസിക്കുന്നവർക്കെല്ലാം നിയമാനുസൃതരേഖകൾ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പൊതുമാപ്പിന് തുല്യമായ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഡോ. ഒമർ അൽ ഒവൈസ്, മേജർ ജനറൽ അസീം സുവൈദി എന്നിവർ ഓർമ്മിപ്പിച്ചു.
ഇളവുകളുപയോഗപ്പെടുത്തി നാട്ടിലേക്കുതിരിച്ചുപോകുന്ന ഇന്ത്യക്കാർക്ക് എല്ലാ സഹായങ്ങളും നൽകുമെന്ന് കൂടിക്കാഴ്ചയിൽ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ഉദ്യോഗസ്ഥരെ അറിയിച്ചു.