അബുദാബി: നൂറു ദിർഹത്തിന്റെ പുതിയ കറൻസി നോട്ട് പുറത്തിറക്കി യു.എ.ഇ സെൻട്രൽ ബാങ്ക്.
അത്യാധുനിക രൂപകല്പനയും സുരക്ഷാ സവിശേഷതകളുമുള്ള നോട്ട് കടലാസിന് പകരം പോളിമറിലാണ് നിർമിച്ചത്. സെൻട്രൽ ബാങ്കിന്റെ തേർഡ് ഇഷ്യൂവൻസ് ഓഫ് ദ നാഷണൽ കറൻസി പ്രോജക്ടിന്റെ ഭാഗമായാണ് പുതിയനോട്ട് പുറത്തിറക്കിയത്. നിലവിൽ പ്രചാരത്തിലുള്ള 100 ദിർഹം നോട്ടിനൊപ്പം പുതിയ നോട്ടും തിങ്കളാഴ്ച മുതൽ വിതരണംചെയ്യുന്നുണ്ട്.
രാജ്യത്തെ ബാങ്കുകൾ, എക്സ്‌ചേഞ്ച് സ്ഥാപനങ്ങൾ, എടിഎം യന്ത്രങ്ങൾ എന്നിവിടങ്ങളിൽ പുതിയ നോട്ടുകൾ നൽകാൻ നേരത്തെ നിർദേശം നൽകിയിരുന്നു. പുതിയനോട്ടിന്റെ മുൻവശത്ത് ഉമ്മുൽഖുവൈൻ നാഷണൽ ഫോർട്ടിന്റെയും മറുവശത്ത് ഫുജൈറ തുറമുഖത്തിന്റെയും ഇത്തിഹാദ് റെയിലിന്റെയും ചിത്രങ്ങളാണുള്ളത്.
ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കാനും കള്ളപ്പണത്തെ പ്രതിരോധിക്കാനും നൂതന സാങ്കേതികവിദ്യകളായ സ്പാർക്ക് ഫ്ലോ ഡൈമെൻഷൻസ്, കൈൻഗ്രാം കളേഴ്സ് എന്നിവയും നോട്ടിലുണ്ട്. പോളിമർ നോട്ടുകൾ ആയതുകൊണ്ടുതന്നെ പരമ്പരാഗത കറൻസി നോട്ടുകളെ അപേക്ഷിച്ച് കൂടുതൽ കാലം ഈ ടുനിൽക്കും. അന്ധർക്ക് നോട്ട് തിരിച്ചറിയാൻ ബ്രെയ്ൽ ലിപിയിലും മൂല്യം രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക മത്സരക്ഷമത വർധിപ്പിക്കാനുള്ള നേതൃത്വത്തിന്റെ കാഴ്ചപ്പാടിന് അനുയോജ്യമായാണ് പുതിയ നോട്ട് പുറത്തിറക്കിയതെന്ന് സി.ബി.യു.എ.ഇ ഗവർണർ ഖാലിദ് മുഹമ്മദ് ബലാമ പറഞ്ഞു.
യു.എ.ഇയുടെ പൈതൃകത്തെ ആദരിക്കുന്നതിനൊപ്പം സമൃദ്ധമായ ഭാവിയിലേക്കുള്ള കുതിപ്പാണ് നോട്ടിന്റെ രൂപകല്പനയിൽ വ്യക്തമാകുന്നത്. പെരുന്നാളിനോട് അനുബന്ധിച്ച് പുതിയ കറൻസി നോട്ട് പുറത്തിറക്കിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ 500, 1000 ദിർഹത്തിന്റെ പോളിമർ നോട്ടുകൾക്ക് 2023, 2025 വർഷങ്ങളിലെ ഹൈ-സെക്യൂരിറ്റി പ്രിന്റിങ് ഇ.എം.ഇ.എ കോൺഫറൻസിൽ മികച്ച പുതിയ ബാങ്ക് നോട്ടുകൾക്കുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.