ദുബായ്: ബർ ദുബായ് ഷിൻഡഗ ഇടനാഴി വികസനപദ്ധതിയിലെ പുതിയൊരു ചുവടുവെപ്പുകൂടി പൂർത്തിയായതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അധികൃതർ അറിയിച്ചു. നിലവിൽ ആർടിഎ ഏറ്റെടുത്ത ഏറ്റവുംവലിയ അടിസ്ഥാന സൗകര്യ വികസനപദ്ധതികളിലൊന്നാണ് ശൈഖ് റഷിദ് റോഡ്, അൽ മിനാ സ്ട്രീറ്റ്, അൽ ഖലീജ് സ്ട്രീറ്റ്, കെയ്‌റോ സ്ട്രീറ്റ്എന്നിവയിലുടനീളം 13 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന അൽ ഷിൻഡഗ ഇടനാഴി വികസന പദ്ധതി. ശൈഖ് റാഷിദ് റോഡ്, അൽ മിന സ്ട്രീറ്റ് ഇന്റർസെക്‌ഷൻ വികസനത്തിലെ അഞ്ചാമത്തെയും അവസാനത്തെയും മേൽപ്പാലം ഉദ്ഘാടനംചെയ്തതായി ആർ.ടി.എ അറിയിച്ചു.
ആകെ 3.1 കിലോമീറ്റർ നീളവും എല്ലാ പാതകളിലുമായി മണിക്കൂറിൽ ഏകദേശം 19,400 വാഹനങ്ങൾക്ക് കടന്നുപോകാനുള്ള ശേഷിയുമുള്ള അഞ്ച് മേൽപ്പാലങ്ങളുടെ നിർമാണമാണ് ശൈഖ് റാഷിദ്റോഡ്-അൽ മിനാ സ്ട്രീറ്റ് ഇന്റർസെക്‌ഷൻ വികസനത്തിലുണ്ടായിരുന്നത്. ഇതോടെ ബർ ദുബായിലെ അൽ ഷിൻഡഗ ഇടനാഴി വികസനം എല്ലാഘട്ടങ്ങളും പൂർത്തിയാക്കി. ഗർഹൂദ് പാലത്തിൽ നിന്ന് പോർട്ട് റാഷിദിലേക്കും ഇൻഫിനിറ്റി പാലംവഴി വാട്ടർഫ്രണ്ട് മാർക്കറ്റിലേക്കും (തിരിച്ചും) ഗതാഗതം ഇനി കൂടുതൽ എളുപ്പമാകുമെന്നും അധികൃതർ വ്യക്തമാക്കി.
യാത്രാസമയം 80 മിനിറ്റിൽനിന്ന് വെറും 12 മിനിറ്റായി കുറയും. ജുമൈര സ്ട്രീറ്റിൽനിന്ന് ഇൻഫിനിറ്റി പാലത്തിലേക്കുള്ള യാത്രയ്ക്ക് ഇനി അഞ്ച് മിനിറ്റ് മാത്രം മതിയാകും. കൂടാതെ ഇൻഫിനിറ്റി പാലത്തിൽനിന്നും അൽ മിന സ്ട്രീറ്റിലേക്കും ഡിസംബർ രണ്ട് സ്ട്രീറ്റിലെ ഇന്റർസെക്‌ഷനിൽനിന്നും അൽ വാസൽ റോഡിലേക്കും അഞ്ച് മിനിറ്റ് കൊണ്ടെത്താം. ബർദുബായ് അൽ ഷിൻഡഗ ഇടനാഴി പദ്ധതിയിലെ എല്ലാഘട്ടങ്ങളും പൂർത്തിയാക്കിയതിൽ ആർടിഎ ചെയർമാൻ മത്തർ അൽ തായർ സംതൃപ്തി പ്രകടിപ്പിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ്ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശത്തിലാണ് പദ്ധതി ആരംഭിച്ചത്.