അബുദാബി: യു.എ.ഇ.യിൽ ഇക്കൊല്ലം ആദ്യപകുതിയിൽ സ്വദേശിവത്കരണം നടപ്പാക്കാനുള്ള സമയപരിധി ഞായറാഴ്ച അവസാനിക്കുമെന്ന് മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം.
അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യസ്ഥാപനങ്ങൾ ജൂൺ 30-ഓടെ വിദഗ്ധ തൊഴിൽവിഭാഗത്തിലെ സ്വദേശികളുടെ എണ്ണത്തിൽ ഒരുശതമാനം വളർച്ച കൈവരിക്കണമെന്നാണ് നിബന്ധന.
നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ചമുതൽ 48,000 ദിർഹം (ഏകദേശം 10.9 ലക്ഷംരൂപ) പിഴചുമത്തും. കൂടാതെ സ്ഥാപനങ്ങളുടെ റേറ്റിങ് കുറയ്ക്കുകയും നിയമലംഘത്തിന്റെ തീവ്രതയനുസരിച്ച് കൂടുതൽ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് വിവരം കൈമാറുകയുംചെയ്യും.
ഇതുവരെയുള്ള സ്വദേശിവത്കരണലക്ഷ്യങ്ങൾ കൈവരിച്ച സ്വകാര്യസ്ഥാപനങ്ങളെ അധികൃതർ അഭിനന്ദിച്ചു. സ്വദേശിജീവനക്കാരെ പെൻഷൻ ഫണ്ട്, വേതനസംരക്ഷണ സംവിധാനം (ഡബ്ല്യു.പി.എസ്.) എന്നിവയിൽ രജിസ്റ്റർചെയ്യണമെന്നും സ്ഥാപനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. സ്വകാര്യമേഖലയിൽ കൂടുതൽ യു.എ.ഇ. പൗരന്മാർ ജോലിക്കെത്തിയത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമായിട്ടുണ്ട്. സ്വദേശിവത്കരണത്തെക്കുറിച്ച് അവബോധം വർധിപ്പിക്കാനായി മന്ത്രാലയം രണ്ട് പുസ്തകങ്ങൾ പുറത്തിറക്കി. നിലവിൽ യു.എ.ഇ.യിലെയിലെ 20,000-ത്തിലേറെ സ്വകാര്യ സ്ഥാപനങ്ങളിലായി ഒരുലക്ഷത്തിലേറെ സ്വദേശികൾ ജോലിചെയ്യുന്നുണ്ട്.