ഷാര്‍ജ – അനധികൃത കാര്‍ റാലികളിലും പെര്‍മിറ്റില്ലാതെ ഒത്തുചേരലുകളിലും പങ്കെടുക്കുന്നത് ഗതാഗത കുറ്റമാണെന്ന് യു.എ.ഇ ദേശീയദിനാഘോഷത്തോടനുബന്ധിച്ച് ഷാര്‍ജ പോലീസ്. ഇത്തരം നിയമ ലംഘകര്‍ക്ക് ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 94 പ്രകാരം 500 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും കൂടാതെ ഇവരുടെ വാഹനം 15 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും. മുന്‍കൂര്‍ അനുമതിയില്ലാതെ ഡ്രൈവര്‍മാര്‍ റാലിയിലോ ഘോഷയാത്രയിലോ പങ്കെടുക്കരുതെന്ന് കമ്മ്യൂണിറ്റി കള്‍ച്ചര്‍ കാമ്പെയ്നിലൂടെ പങ്കിട്ട സന്ദേശത്തില്‍ ഷാര്‍ജ പോലീസ് പറഞ്ഞു. അനുവദനീയമല്ലാത്ത സമയത്തോ സ്ഥലത്തോ ഒത്തുചേരലില്‍ പങ്കെടുക്കുന്നതും ഇതേ നിയമങ്ങള്‍ പ്രകാരം ശിക്ഷാര്‍ഹമാണ്.
യു.എ.ഇ 54-ാമത് ഈദ് അല്‍ഇത്തിഹാദ് (ദേശീയദിനം) ആഘോഷിക്കുന്ന സാഹചര്യത്തില്‍, ഉത്സവങ്ങളില്‍ ജാഗ്രത പാലിക്കാനും കുട്ടികളെ റോഡുകളില്‍ നിന്ന് അകറ്റി നിര്‍ത്താനും പോലീസ് അഭ്യര്‍ഥിച്ചു. പൊതുസ്ഥലങ്ങളില്‍ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ആഘോഷങ്ങളുടെ ആവശ്യകത ഷാര്‍ജ പോലീസ് എടുത്തു പറഞ്ഞു. റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കാനും അപകടകരമായ പെരുമാറ്റം തടയാനുമായി വാഹന അലങ്കാരത്തിനും ആഘോഷങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയം വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
അംഗീകൃത അലങ്കാരവസ്തുക്കള്‍ മാത്രം ഉപയോഗിക്കുക, ലൈസന്‍സില്ലാത്ത സ്റ്റിക്കറുകളോ മുദ്രാവാക്യങ്ങളോ ഒഴിവാക്കുക, ക്രമരഹിതമായ ഒത്തുചേരലുകളും റോഡ് തടസ്സങ്ങളും തടയുക, സ്റ്റണ്ടുകള്‍, തിരക്ക്, ജനാലകളില്‍ നിന്നോ സണ്‍റൂഫുകളില്‍ നിന്നോ യാത്രക്കാര്‍ പുറത്തേക്ക് ചാരി നില്‍ക്കുന്നത് നിരോധിക്കുക എന്നിവ മാര്‍ഗനിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. യാത്രക്കാരുടെ പരിധി കവിയുക, ജനാലകളുടെ ദൃശ്യപരത തടയുക, ശബ്ദമുണ്ടാക്കുന്നതോ ലൈസന്‍സില്ലാത്തതോ ആയ പരിഷ്‌കാരങ്ങള്‍ ഘടിപ്പിക്കുക, പാര്‍ട്ടി സ്‌പ്രേ ക്യാനുകള്‍ ഉപയോഗിക്കുക എന്നിവക്കും വിലക്കുണ്ട്. ഔദ്യോഗിക ദേശീയദിന സ്‌കാര്‍ഫുകളും സംഗീതവും മാത്രമാണ് അനുവദനീയം.
അലങ്കാര സേവനങ്ങള്‍ നല്‍കുന്ന കടകളും ഈ നിയമങ്ങള്‍ പാലിക്കണം. അനുവദനീയമായ യു.എ.ഇ പതാകകളും വസ്തുക്കളും മാത്രമേ വാഹനാലങ്കാരത്തിന് ഉപയോഗിക്കാവൂ എന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. നിയമങ്ങള്‍ ലംഘിക്കുന്ന ഏതൊരു വാഹനവും പിഴയും പിടിച്ചെടുക്കലും ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ നേരിടേണ്ടിവരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ദേശീയദിനാവധി ദിനത്തിലുടനീളം ഉത്തരവാദിത്തത്തോടെ ആഘോഷിക്കാനും യു.എ.ഇയുടെ സുരക്ഷ, ബഹുമാനം, പൗര ഉത്തരവാദിത്തം എന്നീ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും മന്ത്രാലയം അഭ്യര്‍ഥിച്ചു.



