അബുദാബി: അൽഐനിൽ നടത്തിയ കൊലപാതക കേസിൽ വധശിക്ഷക്ക് വിധേയനായ കാസർകോട് ചീമേനി പൊതാവൂർ സ്വദേശി പി.വി.മുരളീധരൻ്റ (43) മൃതദേഹം വെള്ളിയാഴ്ച രാത്രി അബുദാബിയിൽ മറവ് ചെയ്തു. ജയിൽ വാസത്തിനിടെ ഇസ്ലാം മതത്തിലേക്കു മാറിയ അദ്ദേഹം യാസീൻ എന്ന പേര് സ്വീകരിച്ചിരുന്നു. ഇതനുസരിച്ച് ഇസ്ലാംമതാചാരപ്രകാരമായിരുന്നു ഖബറടക്കം. കുടുംബാംഗങ്ങൾ ആരും സംസ്കാരചടങ്ങിന് എത്തിയിരുന്നില്ല. എംബസി ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരുമാണ് അന്ത്യകർമങ്ങൾക്ക് സാക്ഷികളായത്.
അൽഐനിൽ മോഷണശ്രമത്തിനിടെ തിരൂർ സ്വദേശിയായ മൊയ്തീനെ കൊലപ്പെടുത്തി മരുഭൂമിയിൽ കുഴിച്ചുമൂടിയ കേസിലാണ് ഇദ്ദേഹത്തിന് വധശിക്ഷ ലഭിച്ചത്. കൊലപാതക കേസിൽ വധശിക്ഷ നടപ്പാക്കിയ മറ്റു രണ്ട് ഇന്ത്യക്കാരായ കണ്ണൂർ തലശ്ശേരി നെട്ടൂർ അരങ്ങിലോട്ട് തെക്കേപ്പറമ്പിൽ മുഹമ്മദ് റിനാഷ്, യുപി സ്വദേശിനി ഷെഹ്സാദി ഖാൻ എന്നിവരുടെ ഖബറടക്കം വ്യാഴാഴ്ച നടത്തിയിരുന്നു.