ദുബൈ– മെന്റലിസം ഷോയുടെ പേരിൽ കൊച്ചി സ്വദേശിയിൽനിന്ന് 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മെന്റലിസ്റ്റ് ആദി ദുബൈയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യാഥാർഥ്യം മനസ്സിലാക്കാതെയാണ് മാധ്യമങ്ങൾ വാർത്ത നൽകിയത്.
ഷോയുടെ ഒരു വർഷത്തെ നിർമാണക്കരാർ നൽകണമെന്ന ആവശ്യം നിരസിച്ചതോടെയാണ് കൊച്ചി സ്വദേശി പോലീസിൽ പരാതി നൽകിയത്. ഇതിനുപിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും തന്റെ ഷോയുടെ ഗ്ലോബൽ കോൺട്രാക്ടുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനാലാണ് കരാർ അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞത്. പത്ത് ഷോകളിൽ ഇൻവെസ്റ്റ്ചെയ്യാൻ താത്‌പര്യം അറിയിച്ചാണ് ആദ്യം പരാതിക്കാരൻ സമീപിച്ചത്. എന്നാൽ, അത് നല്ലരീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ അയാൾക്ക് കഴിഞ്ഞില്ല. പരിപാടിക്കായി ഒരു സ്പോൺസർഷിപ്പുപോലും കണ്ടെത്താനുമായില്ലെന്നും ആദി വ്യക്തമാക്കി.
പത്തു പരിപാടികൾ കഴിഞ്ഞതോടെ ഷോ വലിയ ഹിറ്റായി. പിന്നാലെയാണ് ഒരു വർഷത്തെ കരാർ വേണമെന്ന ആവശ്യം ഉന്നയിച്ചത്. ലാഭമായാലും നഷ്ടമായാലും സഹിക്കാൻ നിർമാതാവിന് ബാധ്യതയുണ്ട്. എങ്കിലും പണം തിരിച്ചുനൽകാമെന്ന് അറിയിച്ചിട്ടുണ്ട്. നിലനിൽക്കില്ലെന്ന് ഉറപ്പുള്ളതിനാലാണ് പരാതിക്കാരൻ കേസ് പിൻവലിച്ചത്. നിലവിൽ ഇതുസംബന്ധിച്ച് ഒരു കേസും നിലവിലില്ലെന്നും ആദി പറഞ്ഞു.
ഇതാദ്യമായാണ് സാമ്പത്തികത്തട്ടിപ്പ് കേസിൽ ആദി മാധ്യമങ്ങൾക്കുമുന്നിൽ വിശദീകരണം നൽകുന്നത്. ആദിയുടെ മെന്റലിസം ഷോ ‘ഇൻസോമാനിയ’ ഇന്നും നാളെയും യു എ ഇ യിൽ അരങ്ങേറും. ഇന്നു ( ശനിയാഴ്ച) വൈകിട്ട് 7.30 അബുദാബി നാഷണൽ തീയറ്ററിലാണ് ആദ്യ പരിപാടി. നാളെ (ഞായർ) രാവിലെയും ഉച്ചയ്ക്കുമാണ് ദുബൈയിലെ പരിപാടി. രണ്ട് പരിപാടിയുടെയും ടിക്കറ്റുകൾ ഇതിനകം വിറ്റുപോയതായി സംഘാടകർ അറിയിച്ചു. എഫ്.എം.എഫ് ഇവന്റ്സ് സി.ഇ.ഒ കെ.പി നസ്മല്‍, രാജമൂര്‍ത്തി, നിക്കായ് വൈസ് പ്രസിഡന്റ് കാര്‍ത്തിക് മൂര്‍ത്തി, നിക്കായ് മാര്‍ക്കറ്റിങ് ഹെഡ് അഭിലാഷ് മാത്യു എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.



